പി.എം.എ.വൈ.യിൽ അടിയന്തരമായിഫണ്ട് അനുവദിക്കണം -രാഹുൽഗാന്ധി


കല്പറ്റ : പാവങ്ങളുടെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധി എം.പി. ആവശ്യപ്പെട്ടു. കളക്ടറേറ്റിൽ ജില്ലയിലെ കേന്ദ്രാവിഷ്കൃതപദ്ധതികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കജില്ലയായ വയനാടിന് മൂന്നുമാസമായി 1.66 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മതിയായ ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിൽ ഭവനപദ്ധതി പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ ഫണ്ട് അനുവദിക്കുന്നതിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പി.എം.ജി.എസ്. പദ്ധതിയിൽ കൂടുതൽ റോഡുകൾ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരിനു കത്തയച്ചിട്ടുണ്ട്. കൂടുതൽ ഗ്രാമീണറോഡുകൾ അനുവദിച്ചുകിട്ടുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി പുരോഗമിക്കുന്ന ചില റോഡുകളെ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ പ്രവൃത്തികൾ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും രാഹുൽഗാന്ധി എം.പി. പറഞ്ഞു. അടിസ്ഥാനവികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. സി.ആർ.എഫ്. പദ്ധതിയിൽ ജില്ലയിൽ പുതിയ 10 റോഡുകൾക്കായി കേന്ദ്രത്തിന് കത്തുനൽകിയിട്ടുണ്ട്. ദേശീയപാതയിൽ അവശേഷിക്കുന്ന റോഡ് നവീകരണപ്രവൃത്തികൾ വേഗത്തിലാക്കാൻ ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30-നകം പണിപൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.

ആദിവാസിജനതയുടെ ആനുകൂല്യങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ പ്രത്യേക ഡ്രൈവുകൾ നടത്തും. ആദിവാസിവിഭാഗങ്ങളുടെ തൊഴിലവസരം എങ്ങനെ മെച്ചപ്പെടുത്താം എന്നതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം നിർദേശിച്ചു. പട്ടികവർഗ ന്യൂനപക്ഷ വിദ്യാർഥികൾക്കായി കുടുംബശ്രീ നോഡൽ ഏജൻസിയായി നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകളിൽ കൂടുതൽ നൂതനവിഷയങ്ങളും സെന്ററുകളും തുടങ്ങണം. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നടപടികളുമുണ്ടാകണം. പട്ടികവർഗ വിദ്യാർഥികൾക്ക് ജില്ലയ്ക്ക് അകത്തുതന്നെ പരമാവധി തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് അനുയോജ്യമായ കോഴ്‌സുകൾ തുടങ്ങണമെന്നും എം.പി. നിർദേശിച്ചു.

കൃഷിവകുപ്പ് വിവരങ്ങൾ ശേഖരിക്കണം

ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ ഓർഗനൈസേഷൻ അടക്കമുള്ള ജില്ലയിലെ കർഷകർ നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃഷിവകുപ്പ് ശേഖരിച്ച് അറിയിക്കണമെന്ന് എം.പി. യോഗത്തിൽ പറഞ്ഞു. ജില്ലയിൽ പ്രധാന വിളകളിലെല്ലാം എഫ്.പി.ഒ. സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കളക്ടർ എ. ഗീത ദിശ പദ്ധതിനിർവഹണത്തിന്റെ റിപ്പോർട്ട് നൽകി. കെ.സി. വേണുഗോപാൽ എം.പി., എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ സംസാരിച്ചു. എ.ഡി.എം. എൻ.ഐ. ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ ബേബി, സി. അസൈനാർ, നഗരസഭാധ്യക്ഷരായ കേയംതൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്‌നവല്ലി തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..