നെന്മേനി ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽഗാന്ധി എം.പി. സദസ്സിലേക്കിറങ്ങിയപ്പോൾ
സുൽത്താൻബത്തേരി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നെൽക്കൃഷിയടക്കമുള്ള മറ്റുമേഖലകളിലേക്കൂകൂടി വ്യാപിപ്പിക്കണമെന്ന് രാഹുൽഗാന്ധി എം.പി. നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരുവർഷത്തെ തൊഴിൽദിനങ്ങൾ 200 ആയി ഉയർത്തണമെന്നും തൊഴിലാളികളുടെ മിനിമം കൂലി 400 രൂപയാക്കി വർധിപ്പിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കേണ്ടതാണ്.
400 രൂപ കൂലികിട്ടിയാൽ ഒരു തൊഴിലാളിക്ക് തന്റെ കുടുംബത്തെ അന്തസ്സോടെയും അഭിമാനത്തോടെയും പുലർത്തിക്കൊണ്ടുപോകാൻ സാധിക്കും.
യു.പി.എ. സർക്കാർ നടപ്പാക്കിയ ദാരിദ്ര്യ ലഘൂകരണ ഉച്ചാടനപദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് രാജ്യത്തെ സാമൂഹികജീവിതക്രമത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ടവരെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ പ്രാപ്തരാക്കിയ പദ്ധതി രാജ്യത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്.
സാധാരണക്കാരെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ താത്പര്യം. ഇതേക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് മോശമായി സംസാരിക്കുന്നത്. രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതും ഉപകാരമില്ലാത്തതുമായ പദ്ധതിയാണിതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്തെ ലക്ഷക്കണക്കിനാളുകളുടെ അവസാനത്തെ ജീവനോപാധിയാണ് ഈ പദ്ധതി.
തൊഴിലുറപ്പ് പദ്ധതിയിലെ മുതിർന്ന തൊഴിലാളികൾക്കൊപ്പം നിലവിളക്ക് തെളിയിച്ചാണ് രാഹുൽഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്തത്. നൂറു തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ 60 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. സ്കൂൾ വിദ്യാർഥിയായ എം. അശ്വിൻ വരച്ച രാഹുൽഗാന്ധിയുടെ ചിത്രം ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനവും എം.പി.ക്ക് കൈമാറി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ടി. സിദ്ദീഖ് എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, എടക്കൽ മോഹനൻ, സീതാ വിജയൻ, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനപ്രസംഗത്തിനുശേഷം സദസ്സിനിടയിലൂടെ ഹാളിനുപുറത്തേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ അടുത്തേക്കെത്താൻ ആളുകൾ തിക്കിത്തിരക്കി.
സുരക്ഷാജീവനക്കാർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ ഹാളിനു പുറത്തെത്തിച്ചത്. സമ്മേളനവേദിക്ക് സമീപത്തെ സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കയറി പ്രാർഥിച്ച ശേഷമാണ് രാഹുൽഗാന്ധി യാത്ര തിരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..