നീലഗിരിയുടെ 200 ചരിത്രത്തിന്റെ ആഘോഷം


Caption

ഗൂഡല്ലൂർ: നീലഗിരി ചരിത്രം ആഘോഷിക്കുകയാണ്, ഇംഗ്ലീഷുകാരനായ കളക്ടർ ജോൺ സള്ളിവൻ ലോകപ്രശസ്തമായ ഊട്ടി എന്ന കൊച്ചുനഗരം കണ്ടെത്തിയതിന്റെ 200 വർഷങ്ങളുടെ ആഘോഷം. സള്ളിവന്റെ 234-ാമത് ജന്മദിനവും നീലഗിരി ആഘോഷിക്കുകയാണ്. ജൂൺ 15-നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. നീലമലകളുടെ നിഗൂഢത അനാവരണംചെയ്ത് ഊട്ടിയെ ലോകത്തിനുമുന്നിൽ തുറന്നുകൊടുത്ത സാഹസികതയെ ആദരിക്കുകയാണ് നീലഗിരി. അതിനായി ഒരുവർഷം നീളുന്ന പരിപാടികൾ. നീലഗിരിയിൽ ഇക്കൊല്ലത്തെ വേനൽക്കാല ഉത്സവങ്ങളും ഇതിന്റെഭാഗമായി പതിവിലേറെ നിറപ്പകിട്ടിലായിരുന്നു. ലോകത്തിനുമുന്നിൽ നീലഗിരി അനാവരണംചെയ്ത വിസ്മയങ്ങളായിരുന്നു പ്രദർശനങ്ങളുടെ ആകത്തുക. ആരോഗ്യബോധവത്കരണം, നീലഗിരിയുടെ പൈതൃകസമ്പത്തുകൾ പരിചയപ്പെടുത്തുക, പോയകാല സ്മരണകളിലേക്കുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പരിപാടികൾ തുടങ്ങിയവ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്താനൊരുങ്ങുകയാണ്.

നീലഗിരിയിലേക്കുള്ള യാത്ര

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽനിന്ന് ‘നീലപർവതങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അതിമനോഹരമായ കഥകളുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാനും അവയുടെ ആധികാരികത പരിശോധിക്കാനും അധികാരികൾക്ക് ഒരു റിപ്പോർട്ട് അയക്കാനും’ കിട്ടിയ ഉത്തരവിലാണ് സള്ളിവൻ നീലഗിരി മലനിരകളിലേക്ക് പുറപ്പെട്ടത്. യൂറോപ്യന്മാരുടെയും മദ്രാസ് ശിപായിമാരുടെയും ഒരു സംഘത്തോടൊപ്പം, 1819 ജനുവരി രണ്ടിനാണ് ദൗത്യത്തിന്റെ തുടക്കം. ദുർഘടവും പരുഷവുമായ ഭൂപ്രദേശങ്ങൾ മുറിച്ചുകടക്കുന്നത്, കുത്തനെയുള്ള കൊടുമുടികയറ്റം, വന്യമൃഗങ്ങളിൽനിന്നുള്ള അപകടം എന്നിവ ഉൾപ്പെട്ടതായിരുന്നു യാത്ര. ആറുദിവസം നീണ്ടുനിന്ന ഒരു പര്യവേക്ഷണത്തിനും സംഘാംഗങ്ങളിൽ ചിലരുടെ ജീവൻ നഷ്ടപ്പെട്ടതിനും ശേഷം, സള്ളിവൻ ഒടുവിൽ ഒരു പീഠഭൂമിയിലെത്തി. 1821-ൽ മദ്രാസ് പ്രസിഡൻസിയിലെ മൂന്ന് അസിസ്റ്റന്റ് സർജന്മാർ കൂടിയെത്തിയതോടെ നീലഗിരിയിൽ ബ്രിട്ടീഷ് സാന്നിധ്യം കൂടി. അമ്പത് ബ്രിട്ടീഷ് സേനാംഗങ്ങൾ സ്ഥിരമായി നീലഗിരിയിൽ വിന്യസിക്കപ്പെട്ടു. നീലഗിരിയുടെ ഹൃദയഭാഗത്തുള്ള ഉദകമണ്ടലത്തിൽ (ഊട്ടി) വേനൽക്കാലവസതികൾ സ്ഥാപിച്ചു.

സ്ഥാപനങ്ങൾ,സ്‌മാരകങ്ങൾ

-ൽ ആദ്യമായി നീലഗിരിയിലെത്തിയ സള്ളിവൻ കോത്തഗിരിക്കടുത്തുള്ള ദിംഹട്ടിയിലാണ് തന്റെ ആദ്യത്തെ ക്യാമ്പ് നിർമിക്കുന്നത്. ഈ ക്യാമ്പിന്റെ ഓർമയെന്നോണം, കോത്തഗിരിയിലെ കണ്ണേരിമുക്കിലുള്ള സള്ളിവൻ സ്മാരകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. തുടർന്ന് 1821-ൽ ഊട്ടിയിലെത്തി. 1823-ൽ ആദിവാസികളായ തോഡർമാരുടെ ശവസംസ്കാരം നടന്നുവന്നിരുന്ന കുഗ്രാമം അദ്ദേഹം വിലയ്ക്കുവാങ്ങുകയും 1823-ൽ തന്റെ ആദ്യത്തെ വസതിയായ സ്റ്റോൺഹൗസ് നിർമിക്കുകയും ചെയ്തു. സെറ്റിൽമെന്റിലെ ആദ്യത്തെ പള്ളി, റോമൻ കാത്തലിക് ചാപ്പൽ, ഉൾപ്പെടെ നിരവധി കെട്ടിടങ്ങളാണ് അവിടെ ഉയർന്നുവന്നത്. ഇന്ത്യയുടെ ആദ്യത്തെ ഹിൽസ്റ്റേഷൻ പിറന്നത് അങ്ങിനെയാണ്. ഇന്ത്യയിലെ രോഗബാധിതരായ യൂറോപ്യൻ സൈനികരുടെ സാനിറ്റോറിയമായി നീലഗിരി വികസിപ്പിക്കാൻ ശ്രമിച്ച സള്ളിവൻ, ഊട്ടിത്തടാകം നിർമിച്ചു. ജലസേചനത്തിനും നാവിഗേഷനുമായി വെള്ളം സംഭരിക്കാനുണ്ടാക്കിയ ആദ്യജലസംഭരണിയായിരുന്നു ഊട്ടിത്തടാകം. പ്രാദേശിക കാർഷികസമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിമാറിയ വിളകളായ തേയില, ഉരുളക്കിഴങ്, കാബേജ് എന്നിവ ജില്ലയിൽ എത്തിച്ചതും സള്ളിവനാണ്. ഗവൺമെന്റ് ആർട്സ് കോളേജ് വളപ്പിൽ ഇപ്പോഴും സ്റ്റോൺഹൗസ് നിലകൊള്ളുന്നു. സള്ളിവന്റെയും ബ്രിട്ടീഷുകാരുടെയും വരവ് നീലഗിരിയുടെ പാരിസ്ഥിതികനാശത്തിന് തുടക്കമിട്ടുവെന്നത് ശരിതന്നെ. എന്നാൽ, നീലഗിരിയിലെ മലയോരങ്ങളിൽവിളയുന്ന ധാരാളം പച്ചക്കറികൾ പരിചയപ്പെടുത്തിയ സള്ളിവൻ, ഒരു നൂറ്റാണ്ടിലേറെയായി ജില്ലയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയിട്ട തേയില വളർത്താനും ആളുകളെ പ്രേരിപ്പിച്ചു.

ബ്രിട്ടീഷുകാരുടെ വരവ് നീലഗിരിയിലുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കലിന് കാരണമായിരുന്നു. സള്ളിവനുൾപ്പെടെയുള്ളവർക്ക് തദ്ദേശീയ ആദിവാസികളുടെ ഒരെതിർപ്പുമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ നീലഗിരിയെ വാണിജ്യപരമായ ചൂഷണത്തിനായി തുറന്നുകൊടുത്തു, ഇത് തൊഴിലാളികളുടെയും മറ്റുള്ളവരുടെയും കടന്നുകയറ്റത്തിലേക്ക് നയിച്ചു. ഇത് തദ്ദേശീയസമൂഹങ്ങളെ കൂടുതൽ പാർശ്വവത്കരിക്കാൻ കാരണമായി. അവരിൽ ഭൂരിഭാഗവും ഇപ്പോഴും ദാരിദ്ര്യത്തിൽ തുടരുന്നു.

ജോൺ സള്ളിവനും ഊട്ടിയും

ജോൺ സള്ളിവൻ നീലഗിരിയിലെ ബ്രിട്ടീഷ് സെറ്റിൽമെന്റിന്റെ സ്ഥാപകനായാണ് അറിയപ്പെടുന്നത്. പതിനഞ്ചാംവയസ്സിൽ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ക്ലാർക്കായി ഇന്ത്യയിലേക്കുവന്ന അദ്ദേഹം 1817-ൽ കോയമ്പത്തൂർ കളക്ടറായി. തുടർന്നായിരുന്നു നീലഗിരിയിലേക്കുള്ള യാത്ര.

കാടുംമേടും കടന്നുള്ള ആ യാത്ര ഉദകമണ്ഡലമെന്ന ഊട്ടിയെ കണ്ടെടുക്കുന്നതിലാണ് കലാശിച്ചത്. 1838-ൽ ഊട്ടിയിൽവെച്ച് സള്ളിവന്റെ ഭാര്യയും മകളും മരണമടഞ്ഞു. ജോൺ സള്ളിവന്റെ ഭാര്യ ഹെൻറിയേറ്റ സിസിലിയ ഹാരിങ്‌ടലിന്റെയും മകൾ ഹാരിയേറ്റിന്റെയും മൃതദേഹങ്ങൾ സെയ്‌ന്റ് സ്റ്റീഫൻസ് പള്ളിയിലെ കല്ലറകളിലാണ് അടക്കം ചെയ്തത്.

ദുഃഖിതനായ സള്ളിവൻ താൻ വളരെയധികം സ്നേഹിക്കുകയും വികസിപ്പിക്കുകയും ചെയ്ത ഊട്ടി ഹിൽസ്റ്റേഷൻ ഉപേക്ഷിച്ച് തന്റെ എട്ടു മക്കളുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1855 ജനുവരി 16-ന് അന്തരിച്ചു. ഇംഗ്ലണ്ടിലെ ബെർക്ക്ഷെയറിലുള്ള അപ്ടൺ കം ചാൽവിയിലെ സെയ്‌ന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..