Caption
ഊട്ടി : ഊട്ടി-മസിനഗുഡി മലമ്പാതയിലെ കല്ലട്ടിചുരം റോഡിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വാനിൽ യാത്രചെയ്ത മറ്റ് 18 പേർക്കും പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. തിരുനെൽവേലി സ്വദേശിനി മുത്തുമാരി (24) ആണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിന് കാരണക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ചരാത്രി പത്തുമണിയോടെയാണ് അപകടം. 36 കൊടുംവളവുകളുള്ള റോഡിൽ 15-ാം വളവിലാണ് അപകടംനടന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. 18 അംഗസംഘം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് വന്നതായിരുന്നു. ശനിയാഴ്ചരാത്രി സഞ്ചാരികളുടെ വാഹനങ്ങൾ കടത്തിവിടാത്ത ചുരംറോഡിൽ അനധികൃതമായി യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സംഘത്തിൽ 14 പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.
ഗുരുതര പരിക്കേറ്റ അജ്മൽ (28), ബദ്രി (24), കാർത്തിക് (24), തേജസ് (28) എന്നിവരെ ഊട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റി. വാൻഡ്രൈവർ കാസിം (45) ഉൾപ്പെടെ മറ്റുള്ളവർ ഊട്ടി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കല്ലട്ടിയിൽ കോട്ടേജ് നടത്തിവരുന്ന ചെന്നൈസ്വദേശി വിനോദ് കുമാർ, സഹായി കോയമ്പത്തൂർസ്വദേശി ജോസഫ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. സഞ്ചാരികൾക്ക് അനുമതിയില്ലാത്ത കല്ലട്ടിചുരത്തിലൂടെ യാത്രചെയ്യാൻ സൗകര്യമൊരുക്കിയതിനാണ് വിനോദ് കുമാറും ജോസഫും അറസ്റ്റിലായത്. പുതുമന്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
അപകടം നടന്നത് സഞ്ചാരികളുടെ വാഹനങ്ങൾ കടത്തിവിടാത്ത റോഡിൽ
ഊട്ടി: ഊട്ടിയിൽനിന്ന് മൈസൂർഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണ് കല്ലട്ടി -മസിനഗുഡി റോഡ്. ഊട്ടിയിൽനിന്ന് ഒരുമണിക്കൂറിൽ കർണാടകാതിർത്തിയായ കക്കനെല്ലയിലെത്താൻ കഴിയും. പക്ഷേ, അപകടസാധ്യതയുള്ള വഴിയാണിത്. ഈ റോഡിൽ വാഹനങ്ങൾ ഒന്നാംഗിയറിലോ രണ്ടാംഗിയറിലോ ഓടിക്കണമെന്ന് കർശന നിർദേശമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകളും വഴിയരികിൽ വെച്ചിട്ടുണ്ട്.
ഇവിടെ അപകടങ്ങൾ പതിവായതോടെ രണ്ടുവർഷംമുമ്പ് സഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇതുവഴി നിരോധനം ഏർപ്പെടുത്തി. ഇതിനായി ഊട്ടി തലകുന്തയിൽ പോലീസ് ചെക്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ചെക്പോസ്റ്റിലൂടെയല്ലാതെ കുറുക്കുവഴികളിലൂടെ ഊട്ടിയിൽ നിന്ന് ചുരംറോഡിൽ എത്തിച്ചേരാം. കല്ലട്ടിയിലും സമീപപ്രദേശങ്ങളിലും കോട്ടേജുകൾ നടത്തുന്നവർ ഈ കുറുക്കുവഴികളിലൂടെ യാത്രചെയ്യാൻ സഞ്ചാരികളെ സഹായിക്കുന്നുണ്ട്. ശനിയാഴ്ച കല്ലട്ടിചുരത്തിൽ അപകടത്തിൽപ്പെട്ട സംഘം താമസിച്ച കോട്ടേജ് അധികൃതർ പൂട്ടി മുദ്രവെച്ചു. കോട്ടേജ് അനധികൃതമായി നടത്തിവരുന്നതായി കണ്ടെത്തിയതിനാലാണ് ഈ നടപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..