പ്രളയംകഴിഞ്ഞിട്ട് മൂന്നുവർഷം: പുത്തുമലയിലെ കുട്ടികൾ പെരുവഴിയിൽത്തന്നെ


പുത്തുമല ഗവ. എൽ.പി. സ്കൂൾ പ്രവർത്തിക്കുന്ന ഏലവയലിലെ കെട്ടിടം. ഇതിന്റെ ഒന്നാംനിലയിലാണ് വിദ്യാലയം

മേപ്പാടി : മൂന്നുവർഷം മുന്പത്തെ പ്രളയത്തോടെ അടച്ചിട്ട പുത്തുമല ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾ ഇപ്പോഴും പെരുവഴിയിൽത്തന്നെ. ഏലവയലിലെ വനിതാ പരിശീലന കേന്ദ്രത്തിലെ ഇത്തിരി സ്ഥലത്താണ് കഴിഞ്ഞ മൂന്നുവർഷമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കശ്മീരിൽ എച്ച്.എം.എൽ. വാഗ്ദാനംചെയ്ത അരയേക്കർ ഭൂമിയിൽ പുതിയകെട്ടിടം നിർമിച്ച് വിദ്യാലയം ഇവിടേക്ക് മാറ്റാനോ, പുത്തുമല കുന്നിൻമുകളിലെ പഴയ കെട്ടിടങ്ങളിൽതന്നെ സ്കൂളിന്റെ പ്രവർത്തനം പുനരാരംഭിക്കാനോ ബന്ധപ്പെട്ടവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അവഗണനമാത്രം ബാക്കി

പ്രളയത്തിൽ ഉപയോഗശൂന്യമായ ജില്ലയിലെ ഒട്ടുമിക്ക വിദ്യാലയങ്ങൾക്കും നിലവിലുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താനോ പുതിയസ്ഥലം വാങ്ങാനും കെട്ടിടങ്ങൾ നിർമിക്കാനും ഫണ്ട് പാസായ സാഹചര്യത്തിലും പുത്തുമല സ്കൂൾ അവഗണന നേരിടുകയാണ്.

2019 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നാണ് ആദ്യം കശ്മീരിലെ വനംവകുപ്പിന്റെ കെട്ടിടത്തിലേക്കും പിന്നീട് ഏലവയലിലെ കെട്ടിടത്തിലേക്കും ഈ വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റിയത്. എത്രയുംപെട്ടെന്ന് അനുയോജ്യമായ ഭൂമി കണ്ടെത്തി കെട്ടിടം പണിയുമെന്നായിരുന്നു അന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറഞ്ഞിരുന്നത്. പ്രദേശവാസികളുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും അഭ്യർഥന മാനിച്ച് മേപ്പാടി-ചൂരൽമല പാതയോരത്ത് സ്കൂളിന് അരയേക്കർ സ്ഥലം നൽകാൻ എച്ച്.എം.എൽ. സന്നദ്ധത അറിയിക്കുകയും എതിർപ്പില്ലാരേഖ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഭൂമി പതിച്ചുനൽകാതെ എതിർപ്പില്ലാരേഖയുടെ പിൻബലത്തിൽമാത്രം കെട്ടിടഫണ്ട് അനുവദിക്കാൻ സർക്കാരിന് കഴിയില്ലെന്നാണറിയുന്നത്.

ഗ്രാമപ്പഞ്ചായത്തിലെ പ്രളയഫണ്ടിൽ നിന്നുള്ള അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ഏലവയലിലെ അങ്കണവാടിയോട് ചേർന്നുള്ള സ്ഥലത്ത് ഷെഡുകൾ നിർമിക്കാൻ ശ്രമിച്ചെങ്കിലും ആദിവാസി സംഘടനകൾ പ്രതിഷേധവുമായി എത്തിയതിനാൽ നടന്നില്ല. ദിവസങ്ങൾക്കുമുമ്പ് നാട്ടുകാർ കശ്മീരിലെ ഭൂമിയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റുകവും താത്കാലിക ഷെഡ് പണിയുന്നതിനുവേണ്ട സ്ഥലമൊരുക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയഫണ്ടുപയോഗിച്ച് ഇവിടെ ഷെഡ് നിർമിക്കണമെങ്കിലും സർക്കാരിന്റെ അനുമതി ലഭിക്കണം.കഴിഞ്ഞവർഷം സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് ഒരുകോടി രൂപ മാറ്റിവെച്ചെങ്കിലും ഭൂമി കിട്ടാത്തതിനാൽ ഈ തുക ലാപ്സായി. അനുയോജ്യമായ ഭൂമി ലഭിക്കുകയോ, ലഭിച്ച ഭൂമിക്ക് പൂർണമായ രേഖകൾ കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിൽ കുന്നിൽമുകളിലെ പഴയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

പ്രളയത്തിൽ ഈ കെട്ടിടങ്ങൾക്ക് ഒരുതകരാറും സംഭവിച്ചിരുന്നില്ല. കശ്മീരിൽനിന്ന് പത്താം നമ്പർ ബംഗ്ലാവ്മട്ടം റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ ഇവിടേക്ക് അനായാസം എത്തിപ്പെടാം. ടാറിങ്ങിനായി റോഡ് ഗ്രാമപ്പഞ്ചായത്തിന് വിട്ടുനൽകാൻ എച്ച്.എം.എൽ. കമ്പനിക്ക് എതിർപ്പില്ലെന്നാണറിയുന്നത്. ‍

കുട്ടികളുടെ പഠിക്കുന്നിടം

ഇപ്പോൾ ഏലവയലിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 93 കുട്ടികളാണ് പഠിക്കുന്നത്. ഒരു ചെറിയ ഹാളിലും വരാന്തയിലുമായി ഷീറ്റുകൊണ്ട് മറച്ചാണ് അഞ്ചു ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ടവരുടെ അവഗണന തുടർന്നാൽ അധികംതാമസിയാതെ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ചരിത്രമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..