Caption
കല്പറ്റ : ജില്ലയിൽ കോവിഡും വൈറൽ പനിയും കൂടിയതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. തിങ്കളാഴ്ച ജില്ലയിൽ 206 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. രണ്ടാഴ്ച മുമ്പ് നൂറിൽ താഴെയായിരുന്നു കോവിഡ് ബാധിതരുടെ എണ്ണം. കേസുകൾ ഇരട്ടിയായി ഉയരുന്നതിനാൽ മുൻകരുതലുകളും സ്വീകരിക്കണമെന്നും ലക്ഷണമുള്ള എല്ലാവരും സ്രവപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
പനിബാധിതരായി ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 996 പേരാണ് പനിബാധിതരായി ജില്ലയിൽ ചികിത്സതേടിയത്. ശ്വാസകോശരോഗങ്ങൾക്കായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ആശുപത്രികളിൽ തിരക്ക് വർധിച്ചതിനാൽ പനിക്കൊപ്പം കോവിഡും പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവിൽ എലിപ്പനി സംശയിച്ച് മൂന്നുപേരും ഡെങ്കിപ്പനി സംശയിച്ച് 11 പേരും ചികിത്സയിലുണ്ട്. വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രതിരോധ മരുന്നുകൾ കഴിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ്. നിരന്തരം യോഗങ്ങൾ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.
ആദ്യ ഡോസും രണ്ടാം ഡോസും കരുതൽ ഡോസും എടുക്കാനുള്ള എല്ലാവരും വാക്സിൻ എടുക്കണം. വാക്സിൻ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭിക്കും. ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെ വാക്സിൻ ലഭിക്കും എന്നറിയാൻ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ഫോൺ: 9072510900
കുട്ടികളെ ശ്രദ്ധിക്കാം
സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളെയും ശ്രദ്ധിക്കണം. കൃത്യമായി മാസ്ക് ധരിപ്പിച്ചുമാത്രം സ്കൂളിൽ വിടുക. 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകുക. കുട്ടികളിൽനിന്ന് പ്രായമുള്ളവരിലേക്കും മറ്റസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ സ്കൂളിൽനിന്നും മുതിർന്നവർ ജോലിക്ക് പോയിട്ടും വീട്ടിൽ എത്തിയാലുടൻ വസ്ത്രങ്ങൾ മാറ്റി കുളിച്ചതിനുശേഷം മാത്രമേ ഇവരുമായി ഇടപെടാവൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..