കാലവർഷം ശക്തമാവുന്നു; ജില്ലയിൽ ജാഗ്രതാനിർദേശം


കല്പറ്റ : കാലവർഷം ശക്തമായതോടെ പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും ഉൾപ്പെടെയുള്ള കെടുതികൾ നേരിടുന്നതിനായി ജില്ലാഭരണകൂടം നടപടികൾ തുടങ്ങി.

കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളിൽ കനത്തമഴ സാധ്യതാമുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. തുടർച്ചയായി മഴപെയ്യുന്ന സാഹചര്യത്തിൽ അപകടസാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും കളക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽചേർന്ന യോഗം വിലയിരുത്തി.

ദുരന്തസാധ്യതാമേഖലയായി കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ഇനിയും ലഭ്യമാക്കാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇക്കാര്യം അറിയിക്കണം. സജ്ജമാക്കുന്ന ക്യാമ്പുകളുടെ വിവരങ്ങളും യഥാസമയം നൽകണം.

ദുരന്തസാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യംചെയ്യുന്നതിനായി തദ്ദേശസ്വയംഭരണതലത്തിൽ രൂപവത്കരിച്ച ദുരന്തപ്രതികരണസേനയുടെ വിവരങ്ങളും നൽകണം. മേപ്പാടി, കോട്ടത്തറ, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി, പൂതാടി, തിരുനെല്ലി, എടവക, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും നിലവിൽ കണ്ടെത്തിയതിനുപുറമേ കൂടുതൽ ക്യാമ്പുകൾ കണ്ടെത്താനും കളക്ടർ ആവശ്യപ്പെട്ടു.

ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളിൽ അത്യാവശ്യമായിട്ടുള്ള വൈദ്യുതി, കുടിവെള്ളം, ശൗചാലയം, അടുക്കള എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം.

എസ്.ഡി.ആർ.എഫിൽനിന്ന്‌ അനുവദിച്ചിട്ടുള്ള തുക ഇതിനായി ഉപയോഗിക്കാം. സ്വകാര്യഭൂമിയിൽ അപകടഭീഷണിയായിട്ടുള്ള മരം മുറിച്ചുമാറ്റാൻ നടപടിയെടുക്കണം.

ദുരന്തനിവാരണക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർക്കാനും മഴമുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൺട്രോൾറൂമുകൾ തുറന്നുപ്രവർത്തിക്കാനും തദ്ദേശസ്വയംഭരണവകുപ്പിന് നിർദേശം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..