മഴകനത്തു; ജാഗ്രതയിൽ വയനാട്


Caption

കല്പറ്റ : മഴകനത്തതോടെ ജാഗ്രതയിൽ വയനാടൻ മലയോരങ്ങൾ. ബാണാസുരമലയിലും ചേർന്നുള്ള പ്രദേശങ്ങളിലും നിരവിൽപ്പുഴ, കുറിച്യർമല, ലക്കിടി, ചെമ്പ്ര മേഖലകളിലും കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കനത്തമഴയാണ് ലഭിക്കുന്നത്.

250 മി. മീറ്ററിനും 300 മി.മീറ്ററിനും ഇടയ്ക്കാണ് ഇവിടെ ഇതിനകം മഴലഭിച്ചത്. 2018-ൽ ഉരുൾപൊട്ടിയ കുറിച്യർമലയിൽ തീവ്രമഴ കാരണം കഴിഞ്ഞദിവസവും മണ്ണിടിഞ്ഞിരുന്നു. സമാനമായി 2018-ൽ തന്നെ മണ്ണിടിച്ചിലുണ്ടായ സുഗന്ധഗിരി മേഖലയിലും കനത്തമഴ തുടരുകയാണ്.

മലയോരങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ തീവ്രമഴ ലഭിക്കുന്നതിൽ അധികൃതരും ആശങ്കയിലാണ്. കുറിച്യർമലയോട് ചേർന്നുള്ള മേൽമുറി, അച്ചൂർ പ്രദേശങ്ങളിൽനിന്ന് ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ പ്രദേശവാസികൾക്ക് ഇതിനകം നിർദേശം നൽകി.

ജൂൺമാസം 65 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതിന് ശേഷം ജൂലായ് തുടക്കത്തിലാണ് ജില്ലയിൽ മഴകനത്തത്. ജൂലായ് രണ്ടാംവാരംവരെ മഴ ഇതേ തോതിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ജില്ലയുടെ മധ്യഭാഗത്ത് ശരാശരി മഴയും കിഴക്കേ വയനാട്ടിൽ താരതമ്യേന കുറവ് മഴയുമാണ് ഇപ്പോഴും കിട്ടുന്നത്. കല്പറ്റ, കണിയാമ്പറ്റ, പനമരം ഭാഗങ്ങളിൽ ശരാശരി 40. മി.മീ മഴ ദിവസേനയുണ്ട്. അതേസമയം കല്ലൂർ, ബാവലി, തോല്പെട്ടി ഭാഗങ്ങളിൽ 15 - 20 മി. മീറ്ററിന് ഇടയിലാണ് മഴ കിട്ടുന്നത്.

കൂടുതൽ മഴ മട്ടിലയത്ത്

ജൂണിലും ജൂലായിലും ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് നിരവിൽപ്പുഴ മട്ടിലയത്താണ്. ജൂണിൽ 825 മി.മീറ്റർ മഴയാണ് മട്ടിലയത്ത് പെയ്തത്. ജൂലായ് നാലുവരെ 384 മി.മീറ്റർ മഴയും ലഭിച്ചു. പൊതുവേ കനത്തമഴ ലഭിക്കുന്ന പ്രദേശമാണിത്. കുറ്റ്യാടി ചുരത്തോട് ചേർന്നുള്ള മേഖലയായ ഇവിടെ പെയ്യുന്ന കനത്തമഴ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, തൊട്ടിൽപ്പാലം ഭാഗത്തെ മലയോരമേഖലകളെ ബാധിക്കും.

കഴിഞ്ഞ മൂന്നുദിവസങ്ങളിൽ 100 മി.മീറ്ററിന് മുകളിൽ മഴ മട്ടിലയത്ത് പെയ്തു. ജൂണിൽ ലക്കിടിയിൽ 746.8. മി.മീ., സുഗന്ധഗിരി 500.2 മി.മീ., കുറിച്യർമലയിൽ 478 മി.മീ. മഴയും ലഭിച്ചു.

ജൂലായിലും ഇതേ പ്രദേശങ്ങളിൽ തന്നെയാണ് കനത്തമഴ ലഭിക്കുന്നത്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം.

ക്വാറികൾക്കും മണ്ണെടുക്കുന്നതിനും നിരോധനം

കല്പറ്റ : ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ബുധനാഴ്ചമുതൽ ഒാഗസ്റ്റ് 31 വരെ ജില്ലയിലെ ക്വാറികളും യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു.

എന്നാൽ, ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കംചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണു നീക്കംചെയ്യുന്നതിനും വിലക്കില്ല. ദുരന്തനിവാരണ നിയമപ്രകാരമാണ് നിരോധനം.

മഴ കനക്കുന്നതോടെ പാറമടകളുടെ പ്രവർത്തനവും യന്ത്രവത്കൃത മണ്ണുഖനനവും അപകടങ്ങൾ വർധിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..