കബനിക്കായി വയനാട്; കൈവഴികളുടെ മാപ്പിങ്‌ ജൂലായ് അവസാനം തുടങ്ങും


Caption

കല്പറ്റ : കബനിനദീ പുനരുജ്ജീവനം പദ്ധതിയിൽ കബനിനദിയുടെ പ്രധാന കൈവഴികളുടെ സർവേയും മാപ്പിങ്ങും ജൂലായ് അവസാനവാരം തുടങ്ങും. ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി അറിയുന്നതിനുള്ള സർവേയും മാപ്പത്തോൺ സാങ്കേതികവിദ്യയിലൂടെയുള്ള മാപ്പിങ്ങുമാണ് നടക്കുക. മാലിന്യമുള്ള ഇടങ്ങളും ഒഴുക്കുനിലച്ച നീർച്ചാലുകളും കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.

ഐ.ടി. മിഷന്റെ സാങ്കേതികസഹായത്തോടെയാണ് സർവേ മാപ്പിങ്ങ്. കബനിയുടെ ഉദ്‌ഭവകേന്ദ്രമായ വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിങ്ങ് നടത്തുന്നത്. തുടർന്ന് പുഴനടത്തം, പൊതുശുചീകരണം എന്നിവയും നടക്കും.

പദ്ധതിയുടെ ഭാഗമായുള്ള കബനിക്കായി വയനാട് എന്ന പേരടങ്ങിയ ലോഗോ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കളക്ടർ എ. ഗീതയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ജോയന്റ് ഡയറക്ടർ പി. ജയരാജൻ, നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

കബനി നദി പുനരുജ്ജീവനത്തിന്റെ ആദ്യഘട്ടത്തിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നിരുന്നു. വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, തരിയോട്, മുള്ളൻകൊല്ലി, തൊണ്ടർനാട്, പുല്പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാൽ, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. രണ്ടാംഘട്ടത്തിൽ കബനീനദി പുനരുജ്ജീവനം കർമപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും പഞ്ചായത്ത്തലങ്ങളിലും ശില്പശാലകൾ നടത്തി.

കബനിനദി പുനരുജ്ജീവനം, കൃഷിവികസനം, ടൂറിസം, മാലിന്യസംസ്കരണം എന്നീ വിഷയങ്ങൾ ശില്പശാലയിൽ അവലോകനംചെയ്തു. വരുംദിവസങ്ങളിൽ വാർഡുതലത്തിലും ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..