എല്ലാവരും മാനന്തവാടിയിലേക്ക്; മെഡിക്കൽ കോളേജിൽ തിരക്കോടുതിരക്ക്


ഒരുദിവസം ശരാശരി എത്തുന്നത് 1600 പേർ ജൂലായിൽ ഒ.പി. യിലെത്തിയത് 49,725 പേർ വീർപ്പുമുട്ടി അത്യാഹിതവിഭാഗം

വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഒ.പി. യിൽ വരി നിൽക്കുന്നവർ

മാനന്തവാടി : അടുത്തടുത്ത് ആരോഗ്യകേന്ദ്രങ്ങളുണ്ടെങ്കിലും പനിക്കും ജലദോഷത്തിനുമുൾപ്പെടെ ജനം ചികിത്സ തേടിയെത്തുന്നത് വയനാട് ഗവ. മെഡിക്കൽ കോളേജിൽ. എടവക, നല്ലൂർനാട്, അപ്പപ്പാറ, കാട്ടിക്കുളം, കുറുക്കൻമൂല, പേര്യ, വാളാട്, പനമരം, വെള്ളമുണ്ട പത്താംമൈൽ, കോറോം എന്നിവിടങ്ങളിലൊക്കെ ആരോഗ്യകേന്ദ്രങ്ങളുണ്ടെങ്കിലും ഈ ഭാഗത്തുള്ള മിക്കവരും മെഡിക്കൽ കോളേജിലേക്ക് തന്നെയാണ് എത്തുന്നത്. അടിസ്ഥാനസൗകര്യങ്ങൾ കുറവാണെങ്കിലും ജില്ലാ ആശുപത്രി മാറ്റി മെഡിക്കൽ കോളേജ് ആയതോടെയാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള തിരക്ക് ഇവിടെ ഉണ്ടായിത്തുടങ്ങിയത്. മെഡിക്കൽ കോളേജായിട്ടുണ്ടെങ്കിലും മെഡിക്കൽ കോളേജിലോ ജില്ലയിലെ ഏതെങ്കിലും സർക്കാർ ആരോഗ്യകേന്ദ്രത്തിലോ ഒരു ഹൃദ്രോഗവിദഗ്‌ധൻ കൂടിയില്ല. ചെറിയ രോഗങ്ങളുമായി എത്തുന്നവരെ പോലും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുകയാണെന്ന ആരോപണം വിവിധയിടങ്ങളിൽ നിന്നുയരുന്ന സാഹചര്യത്തിലാണ് മാനന്തവാടിയിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ ഒഴുക്ക്.

14,305 പുരുഷന്മാരും 21,526 സ്ത്രീകളും 13,894 കുട്ടികളും ഉൾപ്പെടെ കഴിഞ്ഞ ജൂലായ് മാസം മാത്രം വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഒ.പി. യിലെത്തിയത് 49,725 പേരാണ്. ജനറൽ വിഭാഗം ഒ.പി.യിൽ 29,979 പേരും സ്ത്രീരോഗ വിഭാഗത്തിൽ 1592 പേരും ചികിത്സതേടി. 2021 ജനുവരിയിൽ 13,000 പേർ എത്തിയത് 2022 ജനുവരിയിൽ 31,000 ആയി ഉയർന്നു. ജൂലായ് മാസത്തോടെ അത് അമ്പതിനായിരത്തിന് അടുത്തെത്തി.

അത്യാഹിതവിഭാഗത്തിൽ മുന്നൂറിലധികംപേർ

പേര് അത്യാഹിതവിഭാഗം എന്നാണെങ്കിലും അത്യാഹിതവുമായി എത്തുന്നവരെ നേരാംവണ്ണം ചികിത്സിക്കാനാവാത്ത അവസ്ഥയാണ് ഇപ്പോൾ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കഴിഞ്ഞദിവസം ചികിത്സ തേടിയെത്തിയ ആൾ നഴ്‌സിനെ മർദിച്ച സംഭവം വിവാദമായിരുന്നു. രാവിലെ എട്ടുമുതൽ മെഡിക്കൽകോളേജിൽ പരിശോധന തുടങ്ങുന്നുണ്ട്. ജനറൽ ഒ.പി. യിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുടർച്ചായായി രണ്ട് ഡോക്ടർമാരുടെ സേവനമുണ്ട്. സ്പെഷ്യാലിറ്റി ഒ.പി. സൗകര്യം ഉച്ചയ്ക്ക് രണ്ടുവരെയും ലഭിക്കും. ഉച്ചയ്ക്കുശേഷം ജനറൽ ഒ.പി. യിലും അത്യാഹിത വിഭാഗത്തിലും രണ്ടുവീതം ഡോക്ടർമാരും വാർഡിൽ കോൾ ഡ്യൂട്ടിക്കായി ഒരു ഡോക്ടറുടെയും സേവനമുണ്ട്. സായാഹ്ന ഒ.പി. രാത്രി എട്ടുവരെയുണ്ടെങ്കിലും എട്ടിനു ശേഷമാണ് സാധാരണ രോഗങ്ങളുമായി മിക്കവരും അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഇങ്ങനെയെത്തുന്നവരെ തിരിച്ചയക്കാനും അത്യാഹിതവിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് നിർവാഹമില്ല. രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ രണ്ടുഡോക്ടർമാരും വാർഡ് ഡ്യൂട്ടിക്കായി ഒരു ഡോക്ടറുമാണ് ഉണ്ടാകുക. വാർഡിൽ ജോലിയിലുള്ള ഡോക്ടർക്ക് രോഗികളെ നോക്കാനാകില്ല. രാത്രി എട്ടുമണിക്ക് ശേഷമാണ് കൂടുതൽപേർ എത്തുന്നത്. അത്യാഹിതവുമായെത്തുന്നവരെ ചികിത്സിക്കാൻ ഒരുങ്ങിനിൽക്കേണ്ട ഡോക്ടർമാരും നഴ്‌സുമാരും സാധാരണരോഗികളെ പരിശോധിച്ച് കൊണ്ടേയിരിക്കുകയാണ്. രാത്രിസമയത്ത് എത്തുന്നവരിൽ ചിലർ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്ന സാഹചര്യവും നിലവിലുണ്ട്. ഏതുസമയത്തും എത്തിയാൽ ഡോക്ടറെ കാണാമെന്ന ഉറപ്പിൽ എല്ലാ തിരക്കുകളും കഴിഞ്ഞ് മെഡിക്കൽ കോളേജിലെത്തുന്നവരാണ് ആശുപത്രി ജീവനക്കാർക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. മഴയെത്തിയതോടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഇത് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ. താക്കോൽദ്വാര ശസ്ത്രക്രിയ, എക്‌സറേ, ലാബ് എന്നിവയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..