പേര്യ ചുരംറോഡിലെ തടസ്സങ്ങൾ നീക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ


ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ പേര്യ ചുരംറോഡിലെ തടസ്സങ്ങൾ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നീക്കുന്നു

പേര്യ : ഉരുൾപൊട്ടലിൽ തകർന്ന പേര്യ ചുരംറോഡ് നന്നാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിൽ നിരങ്ങിയെത്തിയ വലിയ കല്ലും മണ്ണും മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നീക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. നിലവിൽ പേര്യ ചുരത്തിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പേര്യ ചുരത്തിൽ രണ്ടിടങ്ങളിലായി ഉരുൾപൊട്ടി റോഡിൽ കല്ലും മണ്ണും നിറഞ്ഞത്. മൂന്നു കിലോമീറ്ററോളം ദൂരത്തിൽ റോഡിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഉരുൾപൊട്ടൽകൂടാതെ പേര്യ ചന്ദനത്തോട് മുതൽ സെമിനാരിവില്ല വരെയുള്ള ആറുകിലോമീറ്ററിനുള്ളിൽ പതിന്നാല് സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുമുണ്ടായിരുന്നു.

മലവെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ റോഡ് പലയിടങ്ങളിലായി ഇടിഞ്ഞുതാഴുകയും പൊട്ടിക്കീറുകയും ചെയ്തു. റോഡിൽ ചിലസ്ഥലത്ത് വലിയകുഴികളും രൂപപ്പെട്ടു. രണ്ടുദിവസത്തെ പരിശ്രമത്തെത്തുടർന്ന് ഭാഗികമായി പേര്യ ചുരം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മഴ വീണ്ടും ശക്തമായതോടെ വീണ്ടും ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗതം പൂർണമായും നിരോധിക്കുകയായിരുന്നു. തടസ്സങ്ങൾ നീക്കി റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

ഉരുൾപൊട്ടൽ ഉണ്ടായതോടെ പേര്യ ചുരം റോഡ് അപകടാവസ്ഥയിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുളങ്കമ്പുകൾ ഉപയോഗിച്ച് റോഡരികുകളിൽ താത്കാലികവേലികൾ സ്ഥാപിച്ചു. ദിവസങ്ങൾക്കുമുമ്പ് മന്ത്രി എം.വി. ഗോവിന്ദൻ ചുരം റോഡ് സന്ദർശിച്ചിരുന്നു. റോഡ് നന്നാക്കുന്ന പ്രവൃത്തി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..