ബാണാസുരസാഗറിൽ ചുവപ്പുജാഗ്രത


ആദ്യം ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുക്കും

ബാണാസുരസാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നപ്പോൾ

കല്പറ്റ : ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുരസാഗർ അണക്കെട്ട് തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് തുറക്കും. അണക്കെട്ടിലെ ജലനിരപ്പ്‌ അപ്പർ റൂൾലെവലായ 774 മീറ്ററിലേക്ക് ഞായറാഴ്ച രാത്രിയോടെ എത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.

ജലനിരപ്പുയർന്നതോടെ ബാണാസുര സാഗറിൽ ചുവപ്പുജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലസംഭരണിയിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ ഞായറാഴ്ച പുലർച്ചെയാണ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച അണക്കെട്ടിന്റെ ഒരുഷട്ടർ 10 സെന്റിമീറ്റർ തുറന്ന് സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർവരെ വെള്ളം പുറത്തേക്കൊഴുക്കുന്നതിന് അനുമതിയുണ്ട്. വെള്ളം തുറന്നിടുമ്പോൾ സമീപപ്രദേശങ്ങളിലും ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനുമുമ്പ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഷട്ടർ ഉയർത്തുമ്പോൾ പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർവരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അണക്കെട്ട് തുറക്കുന്നസമയത്ത് അണക്കെട്ടിന്റെ ഭാഗത്തേക്ക് പോവുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽനിന്ന് മീൻപിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് കളക്ടർ എ. ഗീത പറഞ്ഞു.

മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് നിരോധനം

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മേപ്പാടി തൊള്ളായിരംകണ്ടി ഉൾപ്പെടെ ജില്ലയിലെ എല്ലാ മലയോരപ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പുവരെ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി കളക്ടർ എ. ഗീത അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..