കെ.എസ്.ആർ.ടി.സി.ക്ക് 140 ബസുകൾകൂടി: എല്ലാം സ്വിഫ്റ്റിന്


പിൻവലിച്ച 271 സൂപ്പർക്ലാസ് ബസുകൾക്ക് പകരമാകാൻ പുതിയ ബസുകൾ

Caption

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 140 ഡീസൽ ഓട്ടോമാറ്റിക് ബസുകൾകൂടി ലഭിക്കും. കാലപ്പഴക്കം കാരണം പിൻവലിക്കുന്ന 271 സൂപ്പർക്ലാസ് ബസുകൾക്ക് പകരമെത്തുന്നവയാണ് സ്വിഫ്റ്റിന് കൈമാറുന്നത്. റൂട്ട് കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിൽ നിലനിർത്തി ഈ പാതയിൽ സ്വിഫ്റ്റ് കമ്പനി ബസ് ഓടിക്കും. മാനേജ്‌മെന്റിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.

ശമ്പളം ഉൾപ്പെടെ പ്രവർത്തനച്ചെലവ് കുറവായതിനാൽ കെ.എസ്.ആർ.ടി.സി.യെക്കാൾ ലാഭകരമായി സ്വിഫ്റ്റിന് ബസുകൾ ഓടിക്കാൻ കഴിയുമെന്ന് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ആർ.ടി.സി.ക്കുള്ള പദ്ധതി വിഹിതം സ്വിഫ്റ്റിന് കൈമാറാനാണ് സർക്കാർ തീരുമാനം. നിലവിലെ 1500 സൂപ്പർക്ലാസ് സർവീസുകളും പുതിയ ബസുകൾ വരുന്ന മുറയ്ക്ക് സ്വിഫ്റ്റിലേക്ക് മാറ്റും.

യാത്രക്കാർ ഏറെയുള്ള ദീർഘദൂര റൂട്ടുകൾ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളുടെ നടത്തിപ്പു മാത്രമായി കെ.എസ്.ആർ.ടി.സി. ചുരുങ്ങും. കഴിഞ്ഞവർഷം 50 കോടിക്ക് വാങ്ങിയ 112 ബസുകൾ സ്വിഫ്റ്റിന് കൈമാറിയിരുന്നു. കിഫ്ബി വായ്പയിലെ ഇലക്‌ട്രിക് ബസുകളും സ്വിഫ്റ്റിനാണ് നൽകിയത്.

ഈ വർഷം വായ്പാസഹായധനമായി 1000 കോടിയും പദ്ധതി വിഹിതമായി 106 കോടിയും സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 1000 കോടി വായ്പാ തിരിച്ചടിവ്, ശമ്പളം, പെൻഷൻ എന്നിവയ്ക്കായി ചെലവിടേണ്ടിവരും. ശേഷിക്കുന്ന പദ്ധതി വിഹിതത്തിലാണ് പുതിയ ബസുകൾ വാങ്ങുക. 2016-21 കാലയളവിൽ 5000 കോടിരൂപയുടെ സഹായധനം നൽകിയെങ്കിലും 26.85 കോടിരൂപയ്ക്ക് 101 ബസുകൾമാത്രമാണ് വാങ്ങാനായത്.

ബസുകൾ സ്വിഫ്റ്റിന് നൽകുന്നതിനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ എതിർക്കുന്നുണ്ട്. എന്നാൽ, സ്വിഫ്റ്റ് പത്തുവർഷത്തേക്കുള്ള താത്കാലിക കമ്പനിയാണെന്നും കാലാവധി കഴിഞ്ഞാൽ ആസ്തികൾ കെ.എസ്.ആർ.ടി.സി. ലയിപ്പിക്കുമെന്നുമാണ് സർക്കാർ നിലപാട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..