ബാണാസുരസാഗർ അണക്കെട്ടിന്റെ രണ്ടുഷട്ടർ തുറന്നു


Caption

പടിഞ്ഞാറത്തറ : ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. രണ്ടു ഷട്ടറുകൾ പത്തു സെൻറീമീറ്റർ വീതം തുറന്നു വെള്ളം തുറന്നുവിട്ടു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആദ്യഷട്ടർ തുറന്നത്. ആദ്യം പത്തുസെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയതെങ്കിലും നീരൊഴുക്ക് കൂടിയതോടെ ഉച്ചയ്ക്ക് 2.30-ഓടെ 20 സെന്റീമീറ്ററായി ഉയർത്തി. പിന്നീട് സുരക്ഷാകാരണങ്ങളാൽ രണ്ടു ഷട്ടറുകളും 10 സെന്റീമീറ്റർ വീതം എന്ന രീതിയിൽ ഉയർത്തുകയായിരുന്നു.

സെക്കൻഡിൽ 17 ക്യുബിക് മീറ്റർ വെള്ളമാണ് കരമാൻതോടിലേക്ക് ഒഴുക്കിവിടുന്നത്. പുഴയിലെ ജലനിരപ്പ് പത്തു സെന്റീമീറ്റർവരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീരൊഴുക്ക് കൂടുകയാണെങ്കിൽ ജലനിരപ്പ് കണക്കാക്കി ഘട്ടംഘട്ടമായി 35 ക്യുബിക് മീറ്റർവരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. നാലു ഷട്ടറുകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ 10 സെന്റീമീറ്റർ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യം വന്നാൽ ഉയർത്തും. റവന്യൂമന്ത്രി കെ. രാജൻ, ടി. സിദ്ദിഖ് എം.എൽ.എ., കളക്ടർ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10-ന് ഡാം തുറന്നത്.

പുലർച്ചെ വെള്ളം അപ്പർ റൂൾലെവലിൽ

ബാണാസുര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 201 മില്യൺ ക്യുബിക് മീറ്ററാണ്. 2018-ലെ മഹാപ്രളയത്തിനുശേഷം കേന്ദ്ര ജല കമ്മിഷൻ നിർദേശാനുസരണം നടപ്പിൽവരുത്തിയ റൂൾലെവൽപ്രകാരം 181.65 മില്യൺ ക്യുബിക് മീറ്റർ ആണ് ഒാഗസ്റ്റ് 10 വരെയുള്ള പരമാവധി സംഭരണശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന വെള്ളം സ്പിൽവേ ഷട്ടറുകൾ തുറന്ന് ഒഴുക്കിവിടണമെന്നാണ് ചട്ടം.

തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ അപ്പർ റൂൾലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണശേഷി കവിഞ്ഞു. രാത്രി പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നതിന് ദുരന്തനിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് രാവിലെ എട്ടുമണിക്ക് അധികജലം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഷട്ടർ തുറക്കുമ്പോൾ 774.35 മീറ്ററിലാണ് ജലനിരപ്പ്.

ജാഗ്രതാനിർദേശം; പനമരത്ത് എൻ.ഡി.ആർ.എഫ്.

പുഴകളിൽ നിയന്ത്രിത അളവിലെ ജലനിരപ്പ് ഉയരുള്ളൂവെന്നതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമായി തുടരുന്നതിനാൽ നല്ല ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഡാം തുറക്കുന്നത് കാരണം യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഷട്ടർ ഉയർത്തുന്നവിവരം പരിസരവാസികളെയുംമറ്റും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. തുറന്നുവിടുന്ന വെള്ളം കരമാൻതോടിലും പനമരം പുഴയിലും ഒഴുകിയെത്തി തുടർന്ന് കബനി നദിയിലും പിന്നീട് കർണാടകയിലെ കബനി റിസർവോയറിലും എത്തിച്ചേരുകയാണ് ചെയ്യുന്നത്.

ജില്ലയിൽ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയിൽ ഉള്ളതെന്നതിനാൽ കൂടുതൽവെള്ളം എത്തുന്നത് പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയെ പനമരത്ത് വിന്യസിച്ചതായി മന്ത്രി പറഞ്ഞു. അധികജലം ഉൾക്കൊള്ളുന്നതിനായി കബനി ഡാമിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരുദിവസം പരമാവധി 0.73 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് കബനി റിസർവോയറിൽ എത്തുക. ഏകദേശം 1.13 മീറ്റർ വെള്ളം ഉൾക്കൊള്ളുന്നതിനുള്ള ക്രമീകരണം ഞായറാഴ്ച രാത്രിതന്നെ കബനി ഡാം അധികൃതർ ഒരുക്കിയിട്ടുണ്ട്.

വയനാട്, മൈസൂരു ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെയും ബാണാസുര, കബനി ഡാം അധികൃതരുടെയും ഏകോപനം ഇക്കാര്യത്തിൽ മികച്ച രീതിയിലാണെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് പ്രളയ ടൂറിസം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സാഹസിക ടൂറിസം മഴക്കാലത്ത് വേണ്ട. മീൻ പിടിക്കുന്നതിനോ വെള്ളത്തിലൂടെ ഒഴുകിവരുന്ന വസ്തുക്കൾ പിടിക്കുന്നതിനോ പുഴകളിൽ ഇറങ്ങരുത്.

ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എൻജിനിയർ എം.സി. ബാബുരാജ്, അസി. എക്സി. എൻജിനിയർ പി. രാമചന്ദ്രൻ, അസിസ്റ്റന്റ് എൻജിനിയർമാരായ എം. കൃഷ്ണൻ, എം.സി. ജോയ്, ആർ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..