അയ്യോ ഇനി ലീവുതരല്ലേ, വീട്ടിലിരിക്കാൻ വയ്യ


കളക്ടർക്ക് ആറാംക്ലാസുകാരിയുടെ സന്ദേശം

കളക്ടർ എ. ഗീത ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച സന്ദേശം

കല്പറ്റ : മാനം കറുത്താൽ പിന്നെ കളക്ടർമാരുടെ ഫെയ്‌സ്ബുക്ക് പേജിൽ ചോദ്യങ്ങളുടെ പെരുമഴ പെയ്തുതുടങ്ങും. അവധി ചോദിച്ചുള്ള ‘കൂട്ടക്കരച്ചിലാണ്’ ഏറെയും. അവധി പ്രഖ്യാപനത്തിൽ പൊതുവെ തഴയപ്പെടുന്ന പ്രൊഫഷണൽ പഠിതാക്കളുടെ പ്രതിഷേധവുമുണ്ടാവും. അതിനിടെ സ്നേഹോപദേശം നൽകി കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞുവിടുന്ന കളക്ടർമാരുമുണ്ട്. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായൊരു ആവശ്യമാണ് വയനാട് കളക്ടർ എ. ഗീതയോട് ആറാംക്ലാസുകാരി സഫൂറ നൗഷാദിന്റേത്‌. ഇനി ലീവ് തരല്ലേ, വീട്ടിലിരിക്കാൻ വയ്യ എന്നാണ് കൊച്ചുമിടുക്കി കളക്ടർക്കയച്ച ഇ- മെയിൽ സന്ദേശം. നാലുദിവസം തുടർച്ചയായി വീട്ടിലിരിക്കുന്ന കുട്ടികൾക്ക് കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ് ഓർമവന്നതുപോലെ.

‘മിടുക്കരാണ് നമ്മുടെ മക്കൾ’ എന്ന കുറിപ്പുസഹിതം വേറിട്ട ഈ സന്ദേശം കളക്ടർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. ഒട്ടേറെപ്പേരാണ് കുട്ടിയെ അഭിനന്ദിച്ചും മറ്റുമായി കളക്ടറുടെ പോസ്റ്റിനുതാഴെ എത്തിയത്. പഠിക്കാനുള്ള ആഗ്രഹമറിയിച്ച കുട്ടിക്ക് പ്രോത്സാഹനം നൽകുന്നവയാണ് കമന്റുകളേറെയും. എന്നാൽ, നാലുദിവസം വീട്ടിലിരുന്ന കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കാൻ രക്ഷിതാക്കൾ അയച്ചതാണ് സന്ദേശമെന്നും ഏറെപ്പേർ കമന്റിട്ടു. സ്കൂൾ ബസിലെത്തുന്ന കുട്ടികൾക്ക് മഴക്കാലം പ്രശ്നമല്ലെന്നും എല്ലാവരും അങ്ങനെയല്ലെന്നും ചിലർ. കോരിച്ചൊരിയുന്ന ഈ മഴയത്ത് സ്കൂളിലേക്ക് പോകല്ലേയെന്ന് ഉപദേശിക്കുന്നവരുമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മഴമുന്നറിയിപ്പിലെ ഔദ്യോഗികശൈലി മാറ്റിപ്പിടിച്ച ആലപ്പുഴ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ വലിയ ചർച്ചയായിരുന്നു.

സഫൂറയുടെ സന്ദേശം പുറത്തുവന്നതോടെ മഴയും അവധിയുമെല്ലാമായി കമന്റ് ബോക്സിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..