കാലം മാറുന്നു... ചേകാടിയിലും ഞാറ്റുപാട്ടിന്റെ യന്ത്രതാളം


കാട്ടിക്കുളം : മഴ പെയ്തുതുടങ്ങുമ്പോഴേക്കും ഉഴവുമാടുകളും വിതയും നാട്ടിയുമായി മുന്നേറിയ സുഗന്ധനെല്ലിനങ്ങളുടെ നെല്ലറയായ ചേകാടിയും കാലത്തിനൊപ്പം മാറുന്നു. കാലമേറെ മുമ്പ് ഈ ഗ്രാമം ഉഴവുമാടുകളെ ഉപേക്ഷിച്ചപ്പോൾ പകരം നിലം ഉഴുതുമറിക്കാൻ ട്രാക്ടറുകളെത്തി. കൊയ്ത്തുകാലത്ത് മെതിയന്ത്രവും ചേകാടിയുടെ പാരമ്പര്യങ്ങളെ തിരുത്തി. ഇപ്പോഴിതാ നടീൽയന്ത്രങ്ങളുടെ പരീക്ഷണം. നാട്ടിപ്പാട്ടിന്റെയും നടീൽ താളത്തിന്റെയും ഓർമകളുടെ പച്ചപ്പിൽ ചേകാടിക്കിത് പുതിയൊരു കൃഷിക്കാലത്തിന്റെ തുടക്കമാണ്. ഇരുപത്തിയഞ്ചേക്കറോളം നെൽപ്പാടത്താണ് ഇത്തവണ യന്ത്രനാട്ടി തുടങ്ങിയത്. ഇതിനായി തൃശ്ശൂരിൽനിന്നാണ് നടീൽ യന്ത്രങ്ങളെത്തിയത്. നെൽക്കൃഷിയും പാടവും നിലനിർത്താൻ പാടുപെടുന്ന ചേകാടിക്ക് ഈ യന്ത്രങ്ങളും പ്രതീക്ഷയാണ്. ഉത്പാദനച്ചെലവ് കുറയ്ക്കാനും ജോലിഭാരം ലഘൂകരിക്കാനും കഴിഞ്ഞാൽ ചേകാടിക്ക് അതിന്റെ പെരുമകളുമായി ഏറെ മുന്നോട്ടുപോകാൻ കഴിയും.

ചുരം കയറിയത് മാപ്രാണം വനിതാമാതൃക

ഏക്കർകണക്കിന് പാടത്ത് യന്ത്രനാട്ടി നടത്തുന്ന തൃശ്ശൂർ സൗത്തിലുള്ള വനിതാ ലേബർബാങ്ക് ഫെഡറേഷനാണ് യന്ത്രനാട്ടിയുമായി ആദ്യമായി ചേകാടി പാടത്തെത്തിയത്. നാൽപ്പത് പേരടങ്ങുന്ന വനിതാകൂട്ടായ്മയാണ് 2016-ൽ തുടങ്ങിയ ഈ സംരംഭം കൊണ്ടുനടക്കുന്നത്. തൊഴിലുറപ്പ് പണിയിൽ നാൽപ്പത് പണിയിൽ കുറവ് ലഭിക്കുന്നവർക്കിടയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സഹായത്തോടെയാണ് ഫെഡറേഷൻ രൂപവത്‌കരിച്ചത്.

ഒരു യന്ത്രത്തിന് പിറകിൽ നാലു തൊഴിലാളികൾ അണിനരിന്നാണ് ഇവർ നാട്ടിക്ക് പോവുക. ഒരേക്കർ പാടം നാട്ടുന്നതിന് ചേകാടിയിൽ 5750 രൂപയാണ് കർഷകർ നൽകേണ്ടത്. ഒരുദിവസം ഒരു യന്ത്രംകൊണ്ട് രണ്ടേക്കർമുതൽ നാലേക്കർ പാടം വരെ നാട്ടിനടത്താൻ കഴിയുമെന്ന് ഇവർ പറയുന്നു. യന്ത്രം എത്താൻകഴിയാത്ത ചുരുക്കം ചില അരികും മൂലയുമെല്ലാം അപ്പോൾത്തന്നെ നാട്ടാൻ നാലു വനിതാതൊഴിലാളികളും ഒപ്പമുണ്ട്. മറ്റു ചെലവുകളൊന്നുമില്ലാതെ നാട്ടിപ്പണി എളുപ്പം കഴിയുമെന്നതിനാൽ കർഷകർക്കും യന്ത്രനാട്ടിയോട് താത്പര്യമുണ്ട്. നാട്ടിപ്പണി തുടങ്ങുന്നതിന് പതിന്നാലുദിവസം മുമ്പ് കർഷകർ വെള്ളത്തിലിട്ട് മുളപ്പിച്ച് നൽകിയ നെൽവിത്തുകൾ ഇവർതന്നെ ഞാറ്റടിയാക്കി മാറ്റും.

ചാക്ക് വിരിച്ച് ചതുരക്കളത്തിൽ ഇവർതന്നെ ഞാറ് തയ്യാറാക്കും. ഇതിനുള്ള വിദ്ഗധ തൊഴിലാളികളെല്ലാം ലേബർ ബാങ്കിനുണ്ട്. ട്രാക്ടറടിച്ച് നിലം നടീലിന് പാകമാക്കി കർഷകർ നൽകണം. യന്ത്രനാട്ടിക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകുന്ന പക്ഷം അടുത്ത തവണ ട്രാക്ടറും ഇവർ തന്നെ എത്തിക്കാനാണ് തീരുമാനം. ഇതിൽ നിന്നുള്ള വരുമാനം അറുപത് ശതമാനം തൊഴിലാളികൾക്കും നാൽപ്പത് ശതമാനം ഫെഡറേഷനുമാണ്. യന്ത്രങ്ങളുടെ ഇന്ധനം അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഫെഡറേഷൻ ഈ തുകയിൽ നിന്ന് കണ്ടെത്തും. വയനാട്ടിൽ ഇപ്പോൾതന്നെ കർഷകർ യന്ത്രനാട്ടിക്ക് താത്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. അടുത്ത തവണ ഇരുന്നൂറ് ഏക്കറോളം നെൽവയലുകളിൽ യന്ത്ര നാട്ടി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറും ഫെഡറേഷൻ സി.ഇ.ഒ. യുമായ എസ്. വേണുഗോപാൽ പറഞ്ഞു. ഇരിങ്ങാലക്കുട എട്ട് ബ്ലോക്ക് പ്രവർത്തനപരിധിയിലെ വനിതാ ലേബർഫൗണ്ടേഷന്റെ കോ-ഓർഡിനേറ്ററായ എ.സി. ആയില്യയും ചേകാടി പാടത്ത് മേൽനോട്ടത്തിനായുണ്ട്.

പെരുമകൾ കൈവിടാതെ ചേകാടി

ഏതെല്ലാംമാറ്റങ്ങൾ വന്നാലും ചേകാടി നെൽക്കൃഷിയുടെ പെരുമകൾ കൈവിടാൻ ഒരുക്കമില്ല. ഇത്തവണയും ഒരു തുണ്ട് വയലും തരിശിടാതെ അവസാനവട്ട ഒരുക്കത്തിലാണ് ചേകാടി ഗ്രാമം. വിളനാട്ടി ഒാഗസ്റ്റ് രണ്ടാം വാരത്തോടെ ഗ്രാമത്തിന്റെ ഉത്സവമായി മാറ്റാനാണ് ആലോചിക്കുന്നതെന്ന് കർഷകനും ചേകാടിയിലെ പൊതുപ്രവർത്തകനുമായ അജയൻ ചേകാടി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..