നീലഗിരിയിൽ കനത്തമഴ, നദികളിൽ വെള്ളപ്പൊക്കം


1 min read
Read later
Print
Share

സ്കൂളുകൾക്ക് ഇന്നും അവധി

മായാറിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് മസിനഗുഡിയിലേക്കുള്ള തെപ്പക്കാട്ടെ താത്കാലിക പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ

ഗൂഡല്ലൂർ : നീലഗിരിയിൽ കനത്തമഴ. രണ്ടുദിവസങ്ങളിലായി പലയിടങ്ങളിലും തുടരുന്ന കനത്തമഴയിൽ താഴ്ന്നസ്ഥലങ്ങൾ വെള്ളത്തിനടിയിലായി. പുഴകളും നദികളും കരകവിഞ്ഞൊഴുകുകയാണ്.

പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കനത്തകാറ്റു കാരണം പലയിടങ്ങളിലും മരങ്ങൾ കടപുഴകി. വൈദ്യുതതടസ്സവുമുണ്ടായി. ഗൂഡല്ലൂരിൽ പലയിടങ്ങളിലും വെള്ളംകയറി. മായാർ പുഴയിൽ വെള്ളംകയറിയതിനെത്തുടർന്ന് മസിനഗുഡിയിലേക്കു നിർമിച്ച താത്കാലികപാലത്തിലൂടെയുള്ള യാത്ര വീണ്ടും തടസ്സപ്പെട്ടു. രാവിലെ പാലത്തിലൂടെ വാഹനങ്ങൾ നിർത്താതെ അതിവേഗം ഓടിച്ചുപോകണമെന്ന നിർദേശം നൽകിയ പോലീസധികൃതർ, എന്നാൽ, മായാറിൽ വെള്ളം കൂടിയതോടെ യാത്ര തടഞ്ഞു. പുത്തൂർവയൽ, ശ്രീമധുര എന്നിവിടങ്ങളിൽ പലയിടങ്ങളും വെള്ളത്തിനടിയിലാണ്.

ഊട്ടി, മാഞ്ഞൂർ, കോത്തഗിരി, കൂനൂർ എന്നിവയുടെ പരിസരപ്രദേശങ്ങളിലും വ്യാപകമായ മഴ ലഭിച്ചു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് ജില്ലയിലെ ഊട്ടി, കുന്ത, പന്തലൂർ, ഗൂഡല്ലൂർ താലൂക്കുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച കളക്ടർ എസ്.പി. അമൃത് അവധി നൽകി.

തുടർച്ചയായി പെയ്യുന്ന മഴയിൽ ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശങ്ങളിലെ പുഴകളിൽ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. നദികളിൽനിന്ന് വെള്ളം കരകവിഞ്ഞൊഴുകി. ഗൂഡല്ലൂർ പുറമനവയൽ ആദിവാസിഗ്രാമത്തിലെ 66 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പന്തലൂരിൽ നിർത്താതെപെയ്യുന്ന മഴയിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി. ഇതുകാരണം പൊന്നാനി, സോളാടി, വെള്ളടി, വെള്ളേരി നദികൾ കരകവിഞ്ഞൊഴുകുകയാണ്. 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാട്ടവയലിനടുത്തുള്ള പൊതു കളിസ്ഥലം വെള്ളത്തിനടിയിലായി.

വട്ടക്കൊല്ലി, ചന്ദനവയൽ, വെള്ളേരി, അമ്പലമൂല പ്രദേശങ്ങളിലെ വീടുകൾക്കുള്ളിൽ വെള്ളംകയറി. അവശ്യസാധനങ്ങൾപോലും നശിച്ചു. പലയിടങ്ങളിലും കൃഷിനാശം രൂക്ഷമാണ്. ചേരമ്പാടിയിൽ ഭൂപതിരാജയുടെ വീടിനുപിന്നിൽ മണ്ണിടിഞ്ഞു. ഊട്ടി-കോത്തഗിരി റോഡിൽ കൊടപ്പമണ്ഡുവിൽ കടയ്ക്ക് മുകളിൽ മരംവീണു. കടയുടെ ഒരുഭാഗം തകർന്നു. അഗ്നിരക്ഷാസേന മരംമുറിച്ചുനീക്കി. ഏഴാംമൈൽ ഭാഗത്തുനിന്ന്‌ സോളൂരിലേക്കുള്ള റോഡിൽ മരം വീണു. ഊട്ടിയിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ടെങ്കിലും വിനോദസഞ്ചാരികളെത്തുന്നുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..