ഒടുക്കം താഴുവീണു: പോലീസെത്തിയത് കനത്തസുരക്ഷയിൽ


Caption

മാനന്തവാടി : നിരോധനം ഏർപ്പെടുത്തി രണ്ടുദിവസത്തിനുശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാനന്തവാടിയിലെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധസംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി സംഘടനയുടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനസർക്കാരും തുടങ്ങിയിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞദിവസം വിവിധ വീടുകളിലും സ്ഥാപനങ്ങളിലും റെയ്‌ഡ് നടന്നിരുന്നു. കഴിഞ്ഞ 22-നാണ് ആദ്യമായി റെയ്‌ഡ് നടത്തിയത്. പുലർച്ചെ എൻ.ഐ.എ. സംഘം എത്തിയത് മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡിനു സമീപത്തെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റിലാണ്. സംഘമെത്തി പരിശോധന കഴിഞ്ഞ് മടങ്ങിയപ്പോഴാണ് മിക്കവരും കാര്യങ്ങളറിഞ്ഞത്. ഇതിനുശേഷമാണ് ലോക്കൽ പോലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫീസിലുൾപ്പെടെ പരിശോധിച്ച സംഘത്തിന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും സംഘടനയുടെ മുൻ പ്രാദേശികനേതാവ് സലീം നടത്തുന്ന ടയർകടയിൽനിന്ന് വടിവാളുകൾ ലഭിച്ചത് പോലീസിന് കച്ചിത്തുരുമ്പായി. തുടർന്ന് കൂടുതലിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല.രാവിലെമുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും എൻ.ഐ.എ. ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഓഫീസ് പൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എൻ.ഐ.എ. സംഘമെത്തി ബസ് സ്റ്റാൻഡ് പരിസത്തെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസ് നൽകിയ ശേഷമാണ് മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടാനായി പോലീസെത്തിയത്. മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർ എം.സി. രാകേഷിന്റെ സാന്നിധ്യത്തിലാണ് എൻ.ഐ.എ. സംഘം ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് കണ്ടുകെട്ടുന്നതിന് നോട്ടീസ് പതിച്ചത്. സുരക്ഷ കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹത്തെയാണ് ടൗണിൽ വിവിധയിടങ്ങളിലായി വിന്യസിച്ചത്. വൈകീട്ട് 6.30-ഓടെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. 6.40-ഓടെയാണ് ഓഫീസ് പൂട്ടുന്നതിനുള്ള നടപടി തുടങ്ങിയത്. ആദ്യം ജില്ലാ പോലീസ് മേധാവിയുടെപേരിലുള്ള നോട്ടീസ് പതിച്ച ശേഷമാണ് ഓഫീസ് പൂട്ടാനുള്ള നീക്കങ്ങൾ തുടങ്ങിയത്. പൂട്ടിയിട്ടിരുന്ന ഓഫീസിന്റെ താഴുതകർത്താണ് പോലീസ് സംഘം ഓഫീസിനകത്ത് കടന്നത്. തുടർന്ന് ഓഫീസിലുണ്ടായിരുന്ന സാധനസാമഗ്രികളുടെ കണക്കെടുത്ത് രേഖപ്പെടുത്തി. പുതിയ താഴിട്ട് പോലീസ് പി.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. ഡെപ്യൂട്ടി തഹസിൽദാർ (റവന്യൂ റിക്കവറി) ജോബി ജെയിംസിന്റെ സാന്നിധ്യത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പോലീസ് പൂട്ടിയത്. രാത്രി എട്ടിനാണ് പോലീസ് സംഘം മടങ്ങിയത്. ഡിവൈ.എസ്.പി.ക്കുപുറമേ മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, എസ്.ഐ.മാരായ രാജിത്ത് പി. ഗോപി, എം. നൗഷാദ്, കെ. മുസ്തഫ, ജൂനിയർ എസ്.ഐ.മാരായ സാബു ചന്ദ്രൻ, രാജി കൃഷ്ണ എന്നിവരും ഓഫീസ് പൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പണിലെ ഓഫീസും പൂട്ടി

മേപ്പാടി : റിപ്പൺ പുതുക്കാട് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാകമ്മിറ്റി ഓഫീസും പോലീസ് പൂട്ടി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ്, മേപ്പാടി സി.ഐ. എ.ബി. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുതുക്കാട് അരീക്കാടൻ ബിൽഡിങ്ങിലെ പി.എഫ്.ഐ. ഓഫീസ് പൂട്ടി സീൽവെച്ചത്. പൂട്ടിക്കിടന്ന ഓഫീസ് തുറന്ന് പോലീസ് ഏറെനേരം പരിശോധന നടത്തിയെങ്കിലും രേഖകളൊന്നുംതന്നെ കിട്ടിയിട്ടില്ലെന്നാണറിയുന്നത്. റിപ്പൺ ഗവ. ഹൈസ്കൂൾ പരിസരത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മാസങ്ങൾക്കുമുമ്പാണ് പുതുക്കാട് ജങ്‌ഷനിലേക്കു മാറ്റിയത്. പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..