ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രയാണം തുടങ്ങി


കോൺഗ്രസിന്റെ ശബ്ദം ബി.ജെ.പി. അടിച്ചമർത്തുന്നെന്ന് രാഹുൽ

ഭാരത് ജോഡോ യാത്രയിൽ വാദ്യം മുഴക്കുന്ന രാഹുൽഗാന്ധി. കർണാടക നിയമസഭാ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവർ സമീപം

മൈസൂരു : അടുത്തവർഷമാദ്യം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ ആവേശക്കടലായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. വെള്ളിയാഴ്ച കേരള അതിർത്തിയായ ഗുണ്ടൽപേട്ടിൽനിന്ന് ആരംഭിച്ച യാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്ന് രാവിലെ പത്തിന് എത്തിച്ചേർന്ന രാഹുൽഗാന്ധി ഗുണ്ടൽപേട്ടിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തശേഷം പദയാത്ര നയിച്ചു.

കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിലൂടെ മുന്നോട്ടുനീങ്ങിയ യാത്രയിൽ സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ നിറസാന്നിധ്യമായി. സംസ്ഥാനത്ത് യാത്രയുടെ ആദ്യദിനത്തിൽ 10 കിലോമീറ്ററിൽ താഴെ ദൂരമാണ് സഞ്ചരിച്ചത്. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് ബി.കെ. ഹരിപ്രസാദ്, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു.രാജ്യത്തെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലൂടെയും മാധ്യമങ്ങളിലൂടെയും ഉയർത്തിക്കാട്ടുന്നതിൽനിന്ന് കോൺഗ്രസിന്റെ ശബ്ദം ബി.ജെ.പി.യും ആർ.എസ്.എസും അടിച്ചമർത്തിയെന്ന് പൊതുസമ്മേളനത്തിൽ സംസാരിക്കവേ രാഹുൽഗാന്ധി പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം പാർലമെന്റിൽ പ്രതിപക്ഷ എം.പി.മാർ സംസാരിക്കുമ്പോൾ മൈക്രോഫോൺ ഓഫ് ചെയ്തുവെക്കുന്നു. സർക്കാർ നിയന്ത്രിക്കുന്നതിനാൽ, പൊതുജനങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളുമൊന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ പ്രതിപക്ഷനേതാക്കൾ അറസ്റ്റുചെയ്യപ്പെടുന്നു. ഇതേത്തുടർന്ന് മറ്റൊരു പോംവഴിയുമില്ലാതെ വന്നതോടെയാണ് തെരുവിലേക്കിറങ്ങാൻ തങ്ങൾ നിർബന്ധിതരായത്.

വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന ബി.ജെ.പി. ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടാണ് അധികാരത്തിൽ വരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. പൊതുജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള വേദിയാണ് ഭാരത് ജോഡോ യാത്ര.

എല്ലാ മതത്തിലും ജാതിയിലും ഭാഷയിലും പെട്ടയാളുകൾ യാത്രയിൽ അണിനിരക്കുന്നു. അതിനാൽ ‘ഇന്ത്യയുടെ ശബ്ദം’ അറിയാൻ യാത്ര പാർട്ടിയെ സഹായിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

നിയമസഭാതിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബി.ജെ.പി.സർക്കാരിനുനേരെ ഉയർന്നിട്ടുള്ള അഴിമതിയാരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് യാത്ര പുരോഗമിക്കുക. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങളും യാത്രയിൽ ചർച്ചാവിഷയമാക്കും. കർണാടകത്തിൽ 21 ദിവസം നീളുന്ന യാത്ര ഏഴുജില്ലകളിലൂടെ 511 കിലോമീറ്റർ സഞ്ചരിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി യാത്രയിൽ പങ്കെടുക്കും. സോണിയാഗാന്ധിയും യാത്രയിൽ പങ്കെടുക്കാനെത്തുമെന്നാണ് സൂചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..