മുത്തങ്ങയിലെ കാനനസഫാരിക്ക് രണ്ട്‌ ബസ്‌ കൂടിയെത്തി


ഇന്നുമുതൽ നാലുബസ്

മുത്തങ്ങ ഇക്കോടൂറിസം കേന്ദ്രത്തിലെ വനസഫാരിക്കായി വനംവകുപ്പ് പുതുതായി വാങ്ങിയ ബസുകൾ

സുൽത്താൻബത്തേരി : മുത്തങ്ങയിലെ കാനനയാത്രയ്ക്ക് പുതിയ രണ്ടുബസുകൂടിയെത്തി. ശനിയാഴ്ച പുതിയബസുകൾ ഓടിത്തുടങ്ങും. ഇതോടെ മുത്തങ്ങ ഇക്കോടൂറിസം കേന്ദ്രത്തിലെ വനസഫാരിക്കുള്ള ബസുകളുടെ എണ്ണം നാലായി. സെപ്റ്റംബർ ആദ്യവാരം മുതലാണ് മുത്തങ്ങയിൽ ആദ്യമായി സഫാരിക്കായി രണ്ടുബസ് ഉപയോഗിച്ചുതുടങ്ങിയത്.

മുമ്പിവിടെ ടാക്സി ജീപ്പുകളാണ് സഫാരിക്കായി ഉപയോഗിച്ചിരുന്നത്. വനംവകുപ്പ് അധികൃതരുടെ വർഷങ്ങൾനീണ്ട ശ്രമഫലമായാണ് ജീപ്പുകൾ ഒഴിവാക്കി, സഫാരിക്കായി ബസുകൾ കൊണ്ടുവന്നത്. മുത്തങ്ങ ടാക്സി ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിക്കുകീഴിലുള്ള പ്രദേശത്തെ 30 ടാക്സി ജീപ്പുകൾക്കാണ് വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് സഫാരിക്ക് കൊണ്ടുപോകാൻ മുമ്പ് അനുമതിയുണ്ടായിരുന്നത്.സഫാരിക്കായി വനംവകുപ്പ് ബസ് ഏർപ്പെടുത്തിയതോടെ, ഈ ജീപ്പ് ഡ്രൈവർമാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി ഇവരെയെല്ലാം വനംവകുപ്പിന്റെ ഇ.ഡി.സി.യിൽ താത്കാലിക ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. 30 ജീപ്പ് ഡ്രൈവർമാരെയാണ് ഇ.ഡി.സി.യിൽ ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. സഫാരിക്കുള്ള ബസുകൾ ഓടിക്കാനും വനസംരക്ഷണ പ്രവർത്തനങ്ങൾക്കായും ഇവരെ ഉപയോഗിക്കും. ബസുകൾക്കുപുറമേ, പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് സഫാരിക്കായി ജീപ്പ് സൗകര്യവും വനംവകുപ്പ് ഏർപ്പെടുത്തിനൽകുന്നുണ്ട്. ഇതിനായി മുമ്പ് സർവീസ് നടത്തിയിരുന്ന ജീപ്പുകൾ വനംവകുപ്പ് വാടകയ്ക്കെടുക്കും. ജീപ്പിന്റെ ദിവസവാടകയും ഇന്ധനച്ചെലവും വനംവകുപ്പ് നൽകും. ഇ.ഡി.സി.യിൽ ജീവനക്കാരായെടുത്ത ഡ്രൈവർമാരെയാകും ജീപ്പുകളിലും നിയോഗിക്കുക.

സഫാരിക്കായി ബസുകൾ വന്നതോടെ മുത്തങ്ങയിലെ പ്രവേശനനിരക്കിലും മാറ്റംവന്നിട്ടുണ്ട്. മുമ്പിവിടെ ഒരാൾക്ക് 160 രൂപയായിരുന്നു പ്രവേശനനിരക്ക്. ഇതിനുപുറമേ ജീപ്പ് വാടകയും നൽകണം. ഒരു ജീപ്പിന് ഒരുതവണ സഫാരിപോകാനായി 700 രൂപയായിരുന്നു വാടക. ഈ തുക സഞ്ചാരികൾ വീതിച്ചുനൽകണം. ഇപ്പോൾ ഒരാൾക്ക് 300 രൂപയാണ് പുതുക്കിയനിരക്ക്. പ്രവേശന നിരക്കും സഫാരിക്കുള്ള വാഹനവാടകയുമടക്കമുള്ള തുകയാണിത്.

ബസുകൾ വന്നതോടെ കുറഞ്ഞനിരക്കിൽ കൂടുതൽപേർക്ക് സഫാരി നടത്താനാകും. മുമ്പ്, ഒന്നോ-രണ്ടോ വിനോദസഞ്ചാരികൾക്ക് കാട്ടിനുള്ളിലേക്ക് സഫാരിക്കുപോകുന്നതിനായി ഒരു ജീപ്പ് വാടകയ്ക്കെടുക്കാൻ വലിയതുക മുടക്കേണ്ടിവരുമായിരുന്നു. ബസ് വരുന്നതോടെ നിശ്ചിതതുകമാത്രം നൽകി സഞ്ചാരികൾക്ക് സഫാരി പോകാം. വനംവകുപ്പ് എത്തിച്ച പുതിയ ബസിൽ 23 പേർക്കുവീതം സഞ്ചരിക്കാൻ സാധിക്കും. രാവിലെ ഏഴുമുതൽ പത്തുവരെയും വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെയുമാണ് മുത്തങ്ങയിലെ 15 കിലോമീറ്ററോളം നീളുന്ന സഫാരിസമയം. സഫാരിക്കുള്ള സമയം ദീർഘിപ്പിക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലുണ്ട്.

2016-ൽ മുത്തങ്ങയിൽ വനസഫാരിക്കായി ബസ് ഉപയോഗിക്കാനുള്ള നടപടികളെല്ലാം വനംവകുപ്പ് പൂർത്തിയാക്കിയെങ്കിലും ജീപ്പ് ഡ്രൈവർമാരുടെ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇത്തവണയും പ്രതിഷേധമുയർന്നെങ്കിലും ജീപ്പ് ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാത്ത തരത്തിലുള്ള നയപരമായ ഒത്തുതീർപ്പ് വ്യവസ്ഥകൾ വനംവകുപ്പ് സ്വീകരിച്ചതോടെയാണ് പ്രശ്നപരിഹാരമുണ്ടായത്.

സഫാരിക്കായി ബസുകൾ വന്നതോടെ, ഒട്ടേറെ വാഹനങ്ങൾ വനത്തിനുള്ളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന വായു-ശബ്ദ മലിനീകരണം കുറയ്ക്കാനും വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനുള്ള തടസ്സം കുറയ്ക്കാനും കഴിയും. സഞ്ചാരികളുടെ സുരക്ഷയും കൂടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..