സാമ്പത്തികബാധ്യത; നടത്തിപ്പ് പ്രതിസന്ധിയിൽ: മെഡിക്കൽ കോളേജ് വീണ്ടും ജില്ലാ ആശുപത്രിയാവുമോ?


Caption

കല്പറ്റ : മാനന്തവാടി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ കോളേജ് നടത്തിക്കൊണ്ടുപോവാനാവാതെ ആരോഗ്യവകുപ്പ് ത്രിശങ്കുവിൽ. ആശുപത്രി നടത്തിപ്പ് വീണ്ടും ജില്ലാപഞ്ചായത്തിനെ ഏൽപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ കഴിഞ്ഞദിവസം ആരോഗ്യ-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗം ചർച്ചചെയ്തു. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയശേഷം സ്വാഭാവികമായി അതുവരെയുണ്ടായിരുന്ന ജില്ലാപഞ്ചായത്തിന്റെ അധികാരപരിധിയിൽനിന്ന് മാറിയിരുന്നു.

എച്ച്.എം.സി.ക്കുപകരം എച്ച്.ഡി.എസ്. നിലവിൽവരുകയും ചെയ്തു. മെഡിക്കൽ കോളേജായി ഉയർത്തിയശേഷം ആശുപത്രിയുടെ ദൈനംദിനചെലവുകൾ കൈകാര്യം ചെയ്യാനാവാത്ത അവസ്ഥയിലായതോടെയാണ് ജില്ലാപഞ്ചായത്തിന്റെ സഹായം തേടുന്നത്. 2021 ഫെബ്രുവരിയിലാണ് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയത്. ഇത്രയുംകാലംകൊണ്ട് ഒന്നരക്കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിവരം. വൈദ്യുതിബിൽ, വെള്ളക്കരം, മാലിന്യനീക്കം തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും ബാധ്യതയുള്ളത്.ആശുപത്രി നടത്തിപ്പിന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജില്ലാപഞ്ചായത്തിന്റെ സഹായം തേടി. ജില്ലാപഞ്ചായത്ത് പഴയതുപോലെ ഏറ്റെടുത്തുനടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, പഴയതുപോലെ ജില്ലാ ആശുപത്രിയായി ഏറ്റെടുത്തുനടത്തണമെങ്കിൽ നിലവിലുള്ള എച്ച്.ഡി.എസ്. പിരിച്ചുവിട്ട് എച്ച്.എം.സി. പുനഃസ്ഥാപിക്കേണ്ടിവരും. ഇതിനുപോലും ആരോഗ്യവകുപ്പ് ഇപ്പോൾ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഇതുവരെയുള്ള ബാധ്യത ആരേറ്റെടുക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.

എച്ച്.ഡി.എസ്. നിയോഗിച്ച താത്കാലിക ഡോക്ടർമാരുടെ ശമ്പളം ആരുനൽകുമെന്ന കാര്യത്തിലും തീരുമാനമാവേണ്ടിവരും. ആശുപത്രി ജില്ലാപഞ്ചായത്ത് ഏറ്റെടുത്താലും മെഡിക്കൽ കോളേജിനായി നിയമിച്ച താത്കാലിക ഡോക്ടർമാരുടെ ശമ്പളം നൽകാൻ അവർക്ക് കഴിയുകയുമില്ല. ജില്ലാ ആശുപത്രിയായിരുന്ന കാലത്ത് ശുചീകരണത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയാണ് എച്ച്.എം.സി. നിയമിച്ചിരുന്നത്. വരുമാനത്തിന്റെ അറുപതുശതമാനമാണ് ശമ്പളയിനത്തിൽ അവർക്കു നൽകാനാവുക. മെഡിക്കൽ കോളേജായി ഉയർത്തിയ ആശുപത്രിക്ക് പഴയതുപോലെ ഫണ്ട്‌ വകയിരുത്താമോ എന്ന് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയോട് ജില്ലാപഞ്ചായത്ത് തിരക്കിയപ്പോൾ പറ്റില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇനി ഫണ്ട്‌ വകയിരുത്തണമെങ്കിൽ ഈ ഉത്തരവും തിരുത്തേണ്ടിവരും. ഈ വർഷത്തെ പദ്ധതി ജില്ലാപഞ്ചായത്ത് തയ്യാറാക്കിക്കഴിഞ്ഞതിനാൽ ഈ വർഷം ഫണ്ട്‌ നൽകാൻ കഴിയില്ലെന്നതും പ്രശ്നമാവും.

ഇടുക്കിയിൽ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയപ്പോൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരുൾപ്പെട്ട സമിതിയെക്കൂടി കാര്യങ്ങൾ നോക്കിനടത്താൻ ചുമതലപ്പെടുത്തിയിരുന്നു. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയപ്പോൾ അത്തരമൊരു നിർദേശമുണ്ടായിരുന്നില്ല. ജില്ലാപഞ്ചായത്ത്, ആശുപത്രി ഏറ്റെടുക്കണമെങ്കിൽ മെഡിക്കൽ കോളേജായി ഉയർത്തിയ ഉത്തരവിലുൾപ്പെടെ മാറ്റം വേണ്ടിവരുമെന്നാണ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർ പറയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..