കബനിയിൽ ആൽഗയുടെ സാന്നിധ്യം കണ്ടെത്തി


1 min read
Read later
Print
Share

പുല്പള്ളി : കബനിനദിയിൽ വിഷപ്പായലായ ആൽഗയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ആശങ്ക. ഇതേത്തുടർന്ന് കബനിഗിരി പമ്പ് ഹൗസിൽനിന്നുള്ള ശുദ്ധജലവിതരണം തടസ്സപ്പെട്ടു. വേനൽ കടുത്ത് ചൂടുകൂടിയതോടെയാണ് നദിയിൽ ആൽഗ രൂപപ്പെട്ടത്. പായലുപോലെ ആൽഗ കെട്ടിക്കിടന്ന് ശുദ്ധജലവിതരണസംവിധാനത്തിന്റെ ഫിൽട്ടറിങ് തടസ്സപ്പെട്ടതോടെയാണ് ജലവിതരണം മുടങ്ങിയത്. ആൽഗയുടെ സാന്നിധ്യമുള്ള ജലം ഉപയോഗിച്ചാൽ ത്വഗ്രോഗങ്ങളും വയറിളക്കവുമടക്കമുള്ളവ ഉണ്ടാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ആൽഗകൾ പെട്ടെന്ന് വളരുന്നത്. കബനിനദിയുടെ തീരത്ത് വിവിധഭാഗങ്ങളിൽ ആൽഗ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാൽവെളിച്ചം ഭാഗത്തും ആൽഗയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും ശുദ്ധജലവിതരണം മുടങ്ങും. കബനിയിൽനിന്ന് ജലം പമ്പുചെയ്യുന്നതിനുമുമ്പായി മൂന്നുമണിക്കൂറോളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരണം നടത്തിയശേഷം ജലവിതരണം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. മുമ്പ് ചാലിയാർ പുഴയിലടക്കം ബ്ലൂ-ഗ്രീൻ ആൽഗകൾ വർധിച്ചതിനെത്തുടർന്ന് മീനുകൾ ചത്തുപൊന്തുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ വരുംനാളുകളിൽ കബനിയിലും ഇത്തരത്തിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. വെള്ളത്തിൽ വളരുന്ന മൈക്രോസ്കോപിക് ബാക്ടീരിയകളാണ് ആൽഗകൾ. വെള്ളത്തിൽ പ്രകാശസംശ്ലേഷണം നടത്താനും എളുപ്പത്തിൽ വ്യാപിക്കാനും ഇതിനുശേഷിയുണ്ട്. വളങ്ങളിലൂടെയോ ഇലകൾ അടിഞ്ഞുകൂടുന്നതിലൂടെയോ മണ്ണൊലിപ്പിലൂടെയോ നദിയിൽ നൈട്രജനും ഫോസ്ഫറസും എത്താനും ആൽഗകൾ വളരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും.

മഴപെയ്ത് നദിയിലെ ചൂടുകുറഞ്ഞ് ഒഴുക്കുകൂടിയാൽ ആൽഗകൾ കുറയും. മഴ ഉടനെ ലഭിച്ചില്ലെങ്കിൽ കബനിനദിയിലെ സ്ഥിതി ഗുരുതരമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ശുദ്ധജലവിതരണം മുടങ്ങും

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..