ബത്തേരി ഡിവൈ.എസ്.പി.യുടെ ഓഫീസിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിച്ചുപൊട്ടിച്ച ലെനിനെ പോലീസുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
സുൽത്താൻബത്തേരി : ബത്തേരി പോലീസ് സ്റ്റേഷനിൽ പീഡനക്കേസിലെ പ്രതിയുടെ പരാക്രമം. മീനങ്ങാടി കൃഷ്ണഗിരിയിലെ അത്തിക്കുന്നിൽ മാളിക്കേൽവീട്ടിൽ ലെനിൻ (35) ആണ് ബത്തേരി ഡിവൈ.എസ്.പി.യുടെ ഓഫീസിലെ അലമാരയുടെ ചില്ലിൽ സ്വയം തലയിടിച്ചുപൊട്ടിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
തമിഴ്‌നാട്ടിലെ ആറാട്ടുപാറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ കോയമ്പത്തൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ലെനിനെ, അമ്പലവയൽ റിസോർട്ട് പീഡനക്കേസിൽ തെളിവെടുപ്പിനായി കഴിഞ്ഞദിവസമാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അമ്പലവയൽ പോലീസ് സ്റ്റേഷനിലായിരുന്ന ലെനിനെ മൊഴിയെടുക്കാനായി കേസന്വേഷിക്കുന്ന ബത്തേരി ഡിവൈ.എസ്.പി.യുടെ ഓഫീസിൽ എത്തിച്ചപ്പോഴാണ് പരാക്രമം നടത്തിയത്. കൈവിലങ്ങിട്ടിരുന്നതിനാൽ ഇയാൾക്ക് കൂടുതൽ അതിക്രമം നടത്താനായില്ല. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദും മറ്റു മൂന്ന് ഡിവൈ.എസ്.പി.മാരും ഓഫീസ് കാബിനിലിരുന്ന് സംസാരിക്കുന്നതിനിടെയാണ്, തൊട്ടുചേർന്നുള്ള മുറിക്കുള്ളിൽ പ്രതി അതിക്രമം കാട്ടിയത്.
തലപൊട്ടി രക്തം വാർന്നൊഴിയതോടെ ലെനിനെ ഉടൻതന്നെ പോലീസുകാർ ചേർന്ന് ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറത്തറയിൽ രണ്ടുപോലീസുകാർചേർന്ന് യുവതിയെ പീഡിപ്പിച്ചെന്നും അത് തന്റെ തലയിൽകെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും താൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സ്റ്റേഷനിൽനിന്ന് പുറത്തേക്കെത്തിച്ചപ്പോൾ ലെനിൻ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വിളിച്ചുപറഞ്ഞു. ലെനിന്റെ തലയിലെ മുറിവിന് രണ്ടുതുന്നലുണ്ട്.
അമ്പലവയലിലെ എടയ്ക്കൽ ഭാഗത്തുള്ള ഒരു റിസോർട്ടിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ കേസിലെ 15-ാം പ്രതിയാണ് ലെനിൻ. 2022 നവംബർ 22-നാണ് അമ്പലവയൽ പോലീസ് ഈ കേസ് രജിസ്റ്റർചെയ്തത്. കേസിൽ നിലവിൽ പതിനാലോളം പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. 2014 ജൂൺ 21-നാണ് ഗൂഡല്ലൂർ ന്യൂഹോപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുപാറ ഭാരതീനഗറിൽ ഒരേവീട്ടിലെ മൂന്നുപേരെ ലെനിൻ കൊലപ്പെടുത്തിയത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ലെനിൻ വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്നു. മാർച്ച് ആദ്യവാരമാണ് ഇയാളെ തമിഴ്‌നാട് പോലീസ് വീണ്ടും പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..