എസ്.എസ്.എൽ.സി.യെഴുതാൻ സഹായി; കളക്ടർ റിപ്പോർട്ട് തേടി


1 min read
Read later
Print
Share

Caption

കല്പറ്റ : കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ വ്യാപകമായി പരീക്ഷാസഹായികളെ ഉപയോഗിച്ചത് ജില്ലാവികസനസമിതിയോഗത്തിൽ ചർച്ചയായതോടെ കളക്ടർ ഡോ. രേണു രാജ് റിപ്പോർട്ട് േതടി.

ഓരോ സ്കൂളിലും എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ ആകെ കുട്ടികളുടെ എണ്ണം, പരീക്ഷാസഹായിയെ ഉപയോഗിച്ച കുട്ടികളുടെ എണ്ണം, അനുവദിക്കാനുണ്ടായ സാഹചര്യം എന്നിവസംബന്ധിച്ച് വിവരം നൽകണമെന്നാണ് നിർദേശം. മാതൃഭൂമിയിൽ ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് പ്രസിദ്ധീകരിച്ച പിൻബെഞ്ചിലെ യാഥാർഥ്യങ്ങൾ പരമ്പരയിൽ ഈവിഷയം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ജില്ലാവികസനസമിതിയോഗത്തിലും ചർച്ച നടന്നത്.

കഴിഞ്ഞമാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ സഹായിയെ ആവശ്യപ്പെട്ട് 950 അപേക്ഷകളാണ് എസ്.എസ്.കെ.ക്ക് മുമ്പാകെ വന്നത്. ഇതിൽ 480 അപേക്ഷകളിൽ സഹായിയെ അനുവദിച്ചു.

പിന്നീട് രക്ഷിതാക്കൾ നേരിട്ട് മാനസികാരോഗ്യവിദഗ്ധരുടെ റിപ്പോർട്ട് സഹിതം കുട്ടികൾക്ക് പരീക്ഷാസഹായിയെ അനുവദിക്കണമെന്ന് ശുപാർശ ചെയ്യുകയായിരുന്നുവെന്നും ഇതാണ് സഹായികളുടെ എണ്ണം കൂടാൻ കാരണമെന്നും യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ പഠനവൈകല്യം സ്ഥിരീകരിക്കുന്നതിന് നിലവിൽ പിന്തുടരുന്ന പ്രക്രിയ എന്തെന്നും ഏതെങ്കിലും ഡോക്ടർമാർ അസ്വാഭാവികമായി കൂടുതൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തീരുമാനിച്ചു. അടുത്തവർഷംമുതൽ അർഹർക്ക് മാത്രം പരീക്ഷാസഹായികളെ അനുവദിക്കാനും തീരുമാനിച്ചു. ജില്ലയിൽ ഈവർഷം 1023 വിദ്യാർഥികൾക്കാണ് പഠനസഹായിയെ അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. സംസ്ഥാനതലത്തിൽ അന്വേഷണം നടന്നതോടെ പല കുട്ടികൾക്കും സഹായി ഇല്ലാതെത്തന്നെ പരീക്ഷയെഴുതാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞമാസംചേർന്ന അധ്യാപക-ഉദ്യോഗസ്ഥതല യോഗത്തിലും കളക്ടർ പരീക്ഷാസഹായിയെ അനുവദിക്കുന്നതിൽ നിയന്ത്രണംവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ പഠനസൗകര്യങ്ങൾക്കായി ജില്ലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കാനും ഗോത്രവിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഇവരുടെ വിദ്യാഭ്യാസകാര്യങ്ങളിലും പ്രത്യേകശ്രദ്ധ നൽകണമെന്നും നിർദേശിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..