സിന്ധുവിന്റെ ആത്മഹത്യ : പഴുതടച്ച അന്വേഷണവുമായി പോലീസ്


ജില്ലാ പോലീസ് മേധാവി അന്വേഷണ പുരോഗതി വിലയിരുത്തി

Screengrab: Mathrubhumi News

മാനന്തവാടി : മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് പി.എ. സിന്ധുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണം ഇതിനകം പൂർത്തിയായി. ട്രാൻസ്പോർട്ട് കമ്മിഷന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. രാജീവ് കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലുണ്ടായിരുന്നു. സിന്ധുവിന്‍റെ വീട്ടിലും മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ടിലും എത്തിയ അദ്ദേഹം വീട്ടുകാരിൽനിന്ന്‌ സിന്ധു എഴുതിവെച്ച കുറിപ്പിൽ പേര്‌ പരാമർശിച്ചവരിൽനിന്ന്‌ മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സഹോദരൻ പി.എ. ജോസിന്‍റെ വീട്ടിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തതിനാൽ ഓഫീസിൽ ഒറ്റപ്പെട്ടിരുന്നെന്നാണ് സിന്ധുവിന്‍റെ കുറിപ്പുകൾ വ്യക്തമാക്കുന്നത്. സഹപ്രവർത്തകരുടെ പേരുകൾക്ക് പുറമേ ഓഫീസിൽ മുമ്പ് ജോലിചെയ്തവരുടെ പേരുകളും സിന്ധു പരാമർശിച്ചിട്ടുണ്ട്. സിന്ധു വലിയ മാനസികസമ്മർദം അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പുകൾ.

മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമിനാണ് കേസിന്‍റെ അന്വേഷണച്ചുമതല. അന്വേഷണപുരോഗതി വിലയിരുത്താൻ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ കഴിഞ്ഞദിവസം മാനന്തവാടിയിലെത്തി. കേസിൽ പോലീസിന്‍റെ അന്വേഷണവും നിർണായകമെന്നതിനാൽ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.

സിന്ധു എഴുതിയ കുറിപ്പിൽ പേരുള്ളവരിൽ ചിലരെ ഇതിനകം പോലീസ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിന്ധുവിനൊപ്പം ആർ.ടി.ഒ.യെ കാണാൻപോയ സഹപ്രവർത്തകരുടെയും മാനന്തവാടി ജോയൻറ് ആർ.ടി.ഒ. വിനോദ്കൃഷ്ണയുടെയും മൊഴി പോലീസ് ശേഖരിച്ചു.

അടുത്തദിവസംതന്നെ ആർ.ടി.ഒ. ഇ. മോഹൻദാസിൽനിന്നുള്ള മൊഴിയും രേഖപ്പെടുത്തും.

ലാപ്‌ടോപ്പും മൊബൈലും ഫൊറൻസിക് പരിശോധനയ്ക്ക്‌ അയക്കും

സിന്ധു ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്‌, ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. അടുത്തദിവസംതന്നെ ഇവ തിരികെ വാങ്ങി ഫൊറൻസിക് പരിശോധനയ്ക്ക്‌ അയക്കും.

സിന്ധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ മുറി ഫൊറൻസിക് വിഭാഗം വിശദമായി പരിശോധിച്ചു. സൈബർസെൽവിദഗ്ധരും അവരുടേതായ പരിശോധന പൂർത്തിയാക്കി. ഓഫീസിൽ സിന്ധു ഇരുന്ന കാബിനിലെ രേഖകളും മറ്റും പോലീസ് പരിശോധിച്ചു. ക്രിമിനൽ കുറ്റം ചുമത്തി സഹപ്രവർത്തകരുടെ പേരിൽ കേസെടുക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ലെന്നാണ് സൂചന. വകുപ്പുതല നടപടികളുണ്ടെങ്കിൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയശേഷം മാത്രമേ ഉണ്ടാകാനിടയുള്ളൂ. സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥയെ മോട്ടോർവാഹനവകുപ്പ് താത്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..