വയനാട് താരമണ്ഡലമായി തുടര്‍ന്നേക്കും; 2024ല്‍ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പ്രിയങ്ക വരും?


2 min read
Read later
Print
Share

രാഹുലും പ്രിയങ്കയും വയനാട്ടിൽ. photo: rahulgandhi/facebook

കല്പറ്റ: രാഹുല്‍ഗാന്ധിയുടെ അയോഗ്യത തുടര്‍ന്നാലും വയനാട് ദേശീയശ്രദ്ധയിലുള്ള മണ്ഡലമായി തുടരുമെന്നാണ് ചൊവ്വാഴ്ച കല്പറ്റയില്‍നടന്ന സമ്മേളനം നല്‍കുന്ന സൂചന. അടുത്തതവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ വയനാടിനെ പ്രതിനിധാനംചെയ്യാന്‍ പ്രിയങ്കയെത്തിയേക്കുമോ എന്ന സംശയം ബാക്കിവെച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം അവസാനിപ്പിച്ചത്. വയനാടുമായുള്ള ആത്മബന്ധം ഇരുവരും വൈകാരികമായാണ് അവതരിപ്പിച്ചത്.

വയനാട്ടുകാരുമായി ആജീവനാന്ത ബന്ധം തുടരുമെന്നും എം.പി.യല്ലെങ്കിലും വയനാട്ടുകാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന രാഹുലിന്റെ വാഗ്ദാനം വയനാടിനെ നെഹ്രുകുടുംബം കൈയൊഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാഹുല്‍ഗാന്ധിയുമായി വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവരാണ് ഇവിടത്തെ യു.ഡി.എഫ്. പ്രവര്‍ത്തകരും. നെഹ്രുകുടുംബംതന്നെ അവരെ പ്രതിനിധാനംചെയ്യണമെന്ന വികാരമാണ് പൊതുവേയുള്ളത്.

നാലുവര്‍ഷത്തിനുശേഷമാണ് പ്രിയങ്കാഗാന്ധി വയനാട്ടില്‍ വീണ്ടുമെത്തുന്നത്. അത് ഒരു പുതിയ തുടക്കത്തിനുള്ള വരവായിരിക്കുമോ എന്നതാണ് ചോദ്യം. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്ക എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2024 തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കര്‍ണാടകത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രിയങ്കയാവും ആദ്യപരിഗണനയിലുണ്ടാവുക.

രാഹുലിനു പിന്നില്‍ അണിനിരന്ന് വയനാട്

കല്പറ്റ: ഒരു ജനത മുഴുവന്‍ രാഹുലിനും പ്രിയങ്കയ്ക്കും പിന്നില്‍ അണിനിരന്നു. രാഹുലിനെ അയോഗ്യനാക്കിയതിന്റെ പ്രതിഷേധം കല്പറ്റയിലെ തെരുവില്‍ ആര്‍ത്തിരമ്പി. ഇതിനുമുന്‍പ് അവര്‍ എം.പി.യായാണ് രാഹുലിനെ വരവേറ്റത്.

കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ഗ്രൗണ്ടില്‍നിന്ന് തുടങ്ങി കൈനാട്ടിയിലെ സമ്മേളനനഗരിവരെ തുറന്നവാഹനത്തിലാണ് രാഹുലും പ്രിയങ്കയും റോഡ് ഷോയില്‍ പങ്കെടുത്തത്. നാലുവര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ വയനാട്ടിലെത്തിയപ്പോഴുള്ള റോഡ്ഷോയിലാണ് ഇതിനുമുന്‍പ് ഇത്രയേറെ ആളുകളെ കണ്ടത്.

ലോകസമ്പന്നരില്‍ 609-ാം സ്ഥാനക്കാരന്‍ എങ്ങനെയാണ് രണ്ടാം സ്ഥാനക്കാരനായതെന്ന് രാഹുല്‍ ചോദിച്ചു. ''ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൈനികസഹകരണം എങ്ങനെ അദാനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ അദാനിക്ക് ലഭിക്കുന്നതിനുവേണ്ടി വ്യോമയാന നിയമങ്ങള്‍ എന്തിന് തിരുത്തി. അദാനിക്ക് സഹായകരമാവുന്ന രീതിയില്‍ വിദേശനയം മാറ്റിയത് എന്തുകൊണ്ടാണ്. തുടങ്ങിയ ചോദ്യങ്ങളാണ് താന്‍ ഉന്നയിച്ചത്. ഇതിനൊന്നും ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല'' -രാഹുല്‍ പറഞ്ഞു.

ഇന്ത്യ ഈ കാണുന്ന എല്ലാവരുടേതുമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാജ്യത്തെ ശരിയും തെറ്റും പരിശോധിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പരാജയപ്പെടുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ അതേറ്റെടുക്കണം -പ്രിയങ്കാ ഗാന്ധി പറഞ്ഞു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എം.എല്‍.എ., കെ. മുരളീധരന്‍ എം.പി., യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ., യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: rahul priyanka wayanad visit

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..